ന്യൂയോർക്ക്: അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടു. 273 ഇലക്ടറൽ വോട്ടുമായാണ് ട്രംപിനെ പിന്തള്ളി ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. കമലാ ഹാരീസ് ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റുമായി. വോട്ടെണ്ണൽ നടക്കുകയാണെങ്കിലും 538 അംഗ ഇലക്ടറൽ വോട്ടുകളിൽ കേവല ഭൂരിപക്ഷം ബൈഡൻ നേടിയതായി സി.എൻ.എന്നും ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തു. പെൻസിൽവാനിയയിൽ ജയിച്ചതോടെ ബൈഡൻ കേവല ഭൂരിപക്ഷം നേടി.
അതേസമയം ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിട്ടില്ല. 214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനു നേടാനായത്. വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്.
1942 ലാണു ജോബൈഡന്റെ ജനനം. മാതാപിതാക്കൾ ഐറിഷ് വംശജർ.
1964 ൽ ഇംഗ്ലിഷിലും രാഷ്ട്രമീമാംസയിലും ബിരുദം നേടി. പിന്നീട് നിയമ ബിരുദവും സ്വന്തമാക്കി. മുതിർന്ന റിപ്പബ്ലിക്കൻ നേതാവ് ജെ. കാലേബ് ബോഗ്സിനെ തോൽപിച്ച് 29-ാം വയസിൽ ബൈഡൻ സെനറ്റിലെത്തി.
1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗവുമായിരുന്ന ബൈഡൻ ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റായിരുന്നു. ജിൽ ട്രേസി ജേക്കബ്‌സാണു ഭാര്യ. നാലു മക്കളുണ്ട്.