ന്യൂയോർക്ക്: ഗർഭിണിയായ 23 കാരിയെ കൊലപ്പെടുത്തി വയറുപിളർന്ന് പൊക്കിൾക്കൊടി അറുത്തുമാറ്റി കുട്ടിയെ പുറത്തെടുത്ത് കടന്നുകളയാൻ കേസിൽ കാൻസാസ് സ്വദേശിനി ലിസ മോണ്ട്‌ഗോമറിയുടെ വധ ശിക്ഷയ്ക്ക് വീണ്ടും സ്റ്റേ. സ്ത്രീയുടെ മാനസിക നില പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.
വളർത്തുനായയെ വാങ്ങാൻ എന്ന വ്യാജേനയെത്തി ബോബി ജോ സ്റ്റിനെറ്റ് എന്ന സ്ത്രീയെയാണ് മോണ്ട് ഗോമറി നിഷ്ഠുരമായി കൊന്നത്. കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. അതിനിടെ വയറു പിളർന്ന് കുഞ്ഞിനെ പുറത്തെടുത്തു. അടുത്ത ദിവസം തന്നെ ഇവർ അറസ്റ്റിലായി. 17 വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ജൂലൈ 14നാണ് വധശിക്ഷയ്ക്ക് വേണ്ടിയുള്ള നടപടികൾ പുനരാരംഭിച്ചത്.
വയറുപിളർന്ന് പുറത്തെടുത്ത എട്ടുമാസമായ കുഞ്ഞുമായി രക്ഷപ്പെടാനായിരുന്നു യുവതിയുടെ ശ്രമം. കുട്ടി തന്റേതാണ് എന്ന് വരുത്തി തീർക്കാനായിരുന്നു ഇവരുടെ ശ്രമം. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രഡിഡന്റായി സ്ഥാനമേൽക്കുന്നതിന് എട്ടുദിവസം മുൻപ് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. അതിനിടെയാണ് ജഡ്ജി പാട്രിക് ഹാൻലോൺ ശിക്ഷ സ്റ്റേ ചെയ്തത്.
ഇന്ത്യാനയിലെ ഫെഡറൽ കറക്ഷണൽ കോംപ്ലക്‌സിൽ വധശിക്ഷ നടപ്പാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ലിസ മോണ്ട്‌ഗോമറിക്ക് എതിരെ ഫെഡറൽ കോടതിയാണ് വധശിക്ഷ വിധിച്ചത്.