ബൈഡന്റെ സത്യപ്രതിജ്ഞ: ജനുവരി 20 ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ

0
688

വാഷിംങ്ടൺ: യു.എസ് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20 ന് വാഷിംങ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്. അക്രമ സംഭവങ്ങൾ ഒഴിവാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാഷിംങ്ടൺ മേയർ മൂരിയൽ ബൗസർ ജനുവരി 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

കാപ്പിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ സ്ഥാനാരോഹണ ദിവസം സുരക്ഷയ്ക്കായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാപ്പിറ്റോൾ ആക്രമണം പോലുള്ള ആക്രമണം ബൈഡൻ സ്ഥാനമേൽക്കുന്ന ദിവസം ഉണ്ടാകുമെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഉത്തരവിറക്കിയത്.

ജനുവരി 20 മുതൽ 26 വരെയാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. ‘താൻ എന്തെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചാണ്. കാരണം വളരെ തീവ്രമായ ഗ്രൂപ്പുകൾ ആയുധധാരികളും അപകടകാരികളുമാണ്’ വാഷിംങ്ടൺ മേയർ പറഞ്ഞു. ഈ ചടങ്ങിൽ ജനങ്ങൾ പരമാവധി വെർച്വലായി പങ്കെടുക്കാൻ ശ്രമിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.