ഒട്ടാവ : കാനഡയില്‍ വാടക നിരക്ക് കുതിച്ചുയരുന്നു. 2022-നെ അപേക്ഷിച്ച് 9.6 ശതമാനം വര്‍ദ്ധിച്ചതായി റെന്റല്‍സ് കാനഡ റിപ്പോര്‍ട്ട്. വാടകക്കാരുടെ എണ്ണം കൂടിയതാണ് വാടകനിരക്ക് വര്‍ധിക്കാന്‍ കാരണം.
ഒരു റെസിഡന്‍ഷ്യല്‍ യൂണിറ്റിന്റെ ഏറ്റവും താഴ്ന്ന ശരാശരി പ്രതിമാസ നിരക്ക് 2021 ഏപ്രിലിലെ 1,662 ഡോളറില്‍ നിന്നും 20 ശതമാനം ഉയര്‍ന്ന് 2,002 ഡോളറിലെത്തിയതായി റെന്റല്‍സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു.
വാന്‍കൂവറും ടൊറന്റോയുമാണ് വാടക നിരക്കില്‍ മുന്നില്‍. 2023 ഏപ്രിലില്‍ വാന്‍കൂവറില്‍ ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക 2,787 ഡോളറും ടൊറന്റോയില്‍ 2,526 ഡോളറുമാണ്.
രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് വാന്‍കൂവറില്‍ 3,741 ഡോളറും ടൊറന്റോയില്‍ 3,290 ഡോളറുമാണ്. കൂടാതെ വാന്‍കൂവറില്‍ കോണ്ടോ, അപ്പാര്‍ട്ട്മെന്റ് വില 47 ശതമാനവും ടൊറന്റോയില്‍ 41 ശതമാനവും വര്‍ദ്ധിച്ചു.
ഏറ്റവുമധികം വാടകയുള്ള പത്ത് സ്ഥലങ്ങള്‍ വാന്‍കൂവറിന്റെയും ടൊറന്റോയുടെയും ചുറ്റുമുള്ള നഗരങ്ങളുമാണ്. ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെയും കോണ്ഡോ യൂണിറ്റിന്റെയും ശരാശരി നിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ചു. രണ്ട് കിടപ്പുമുറികളുടെ ശരാശരി വില 2,120 ഡോളറാണ്. 10 ശതമാനം വര്‍ദ്ധനവാണ് രണ്ട് കിടപ്പുമുറികളുടെ ശരാശരി വിലയില്‍ ഉണ്ടായിട്ടുള്ളത്.