ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽകുളം പോളണ്ടിൽ പ്രവർത്തനമാരംഭിച്ചു. 27 ഒളിമ്പിക്‌സ് കുളങ്ങളെക്കാൾ വലിപ്പമുള്ള കുളത്തിന്റെ ആഴം 148 അടിയാണ്. 2.8 ലക്ഷം ചതുരശ്ര അടി വെള്ളം കുളത്തിൽ നിറയ്ക്കാനാകും.
സ്‌കൂബ ഡൈവേഴ്സിനും പോളിഷ് സൈന്യത്തിനും അഗ്‌നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങൾക്കും പരിശീലനത്തിന് ഈ കുളം ഉപയോഗിക്കാം. ഇറ്റലിയിലെ മോണ്ടെഗ്രോറ്റോയിലെ വൈ-40 ഡീപ് ജോയ് എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കോർഡാണ് പുതിയ കുളം തകർത്തിരിക്കുന്നത്.
മായൻ സംസ്‌കാരത്തിന്റെ സ്മരണകളായ ഗുഹകളും തകർന്ന കപ്പലിന്റെ മാതൃകകളും വെള്ളത്തിനടിയിൽ ഒരുക്കിയിട്ടുണ്ട്. നീന്തൽ കുളത്തിനടുത്ത് തന്നെ റെസ്റ്ററന്റുകളും കോൺഫറൻസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വെള്ളത്തിനടിയിൽ ഉള്ള എല്ലാ കാഴ്ചകളും ആസ്വദിക്കാവുന്ന തരത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്.