വാതില്‍ തുറന്നതിന് താങ്ക് യൂ പറഞ്ഞില്ല, യുവാവ് കുത്തേറ്റ് മരിച്ചു

0
541

വാഷിംഗ്ടണ്‍: വാതില്‍ തുറന്ന് തന്നതിന് ‘നന്ദി’ പറയാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു. അമേരികയിലെ പാര്‍ക് സ്ലോപ് കണ്‍വീനിയന്‍സില്‍ ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം നടന്നതെന്ന് എബിസി റിപോര്‍ട് ചെയ്തു. കടയുടെ വാതില്‍ തുറന്നപ്പോള്‍, കേസില്‍ കുറ്റാരോപിതനായ വ്യക്തി ‘താങ്ക് യൂ’ പറയാത്തതില്‍ 37കാരനായ യുവാവ് അസ്വസ്ഥനായെന്ന് പൊലീസ് വ്യക്തമാക്കി.

വാതില്‍ തുറന്നതിന് ‘നന്ദി’ പറയാതിരുന്നത് മാത്രമാണ് കാരണമെന്ന് ദൃക്സാക്ഷിയും കടയിലെ ജീവനക്കാരനുമായ ഖാരിഫ് അല്‍സൈദി പറഞ്ഞു. ‘എന്തുകൊണ്ടാണ് ‘വാതില്‍ തുറന്നതിന് നന്ദി’ എന്ന് നിങ്ങള്‍ പറയാത്തത്?, എന്ന് യുവാവ് ചോദിച്ചു. അതിന് ‘എനിക്ക് വേണ്ടി വാതില്‍ തുറക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ല’, എന്നായിരുന്നു പ്രതിയുടെ മറുപടി’, ഖാരിഫ് കൂട്ടിച്ചേര്‍ത്തു.

‘ഏതാനും നിമിഷത്തെ വാക് തര്‍ക്കത്തിന് ശേഷം, അത് ശാരീരികമായ ആക്രമണത്തില്‍ കലാശിച്ചു. തനിക്ക് കഴിയുമെങ്കില്‍ കുത്തിക്കൊല്ലൂവെന്ന് ഇരയായ യുവാവ്, പ്രതിയോട് തര്‍ക്കത്തിനിടെ പറഞ്ഞു. നിമിഷങ്ങള്‍ക്കകം, പ്രതി തന്റെ സൈകിളില്‍ നിന്ന് കത്തിയെടുത്ത് യുവാവിന്റെ വയറിലും കഴുത്തിലും കുത്തുകയായിരുന്നു’, റിപോര്‍ട് പറയുന്നു. യുവാവിനെ ന്യൂയോര്‍ക് പ്രെസ്ബിറ്റീരിയന്‍ ബ്രൂക്ലിന്‍ മെതഡിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല.