വ്‌ളോഗർ റിഫാ മെഹ്നുവിന്റ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

0
213

വ്‌ളോഗർ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ആർഡിഒയുടെ അനുമതി . അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്‌റഫ് ആർഡിഒയ്ക്ക് സമർപ്പിച്ച അപേക്ഷയിലാണ് അനുമതി നൽകിയിരിക്കുന്നത്.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ തയ്യാറാണെന്ന് റിഫയുടെ ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദുബായിൽ വെച്ച് മരിച്ച റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. പോസ്റ്റ്‌മോർട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭർത്താവും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂർ പൊലീസാണ് കേസെടുത്തത്. മരണത്തിൽ ദുരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കൾ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു.

ദുബായിലെ ഫ്ളാറ്റിൽ മാർച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്റെയും, സബസ്‌ക്രിബ്ഷന്റെയും പേരിൽ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

മൂന്ന് വർഷം മുമ്പാണ് റിഫയും മെഹ്നാസും വിവാഹിതരായത്. ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ജോലിക്കാര്യത്തിനായി ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. റിഫക്കും മെഹ്നാസിനും രണ്ടു വയസ്സുള്ള ഒരു മകനുണ്ട്.