തൂണിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക

0
154

നമ്മുടെ നാട്ടിൽ കൊരട്ടി മുത്തിയെന്നും അക്കരയമ്മയെന്നുമൊക്കെ മാതാവ് അറിയപ്പെടാറുണ്ട്. എന്നാൽ തൂണിലെ മാതാവ് എന്ന് കേട്ടിട്ടുണ്ടോ? സ്പാനിഷ് ചരിത്രം അനുസരിച്ച് എ ഡി 40 ഒക്ടോബർ 12 ന് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം സംഭവിച്ച ദിവസമാണ്. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന വിശുദ്ധ യാക്കോബ് അക്കാലത്ത് തന്റെ സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് റോമൻ പ്രോവിൻസ് ആയ ഹിസ്പാനിയുടെ കീഴിൽ ആയിരുന്ന സാരാഗോസയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ ആ നാട്ടിൽ സംഭവിക്കാത്തതും ആളുകൾ ക്രിസ്തു മതത്തിലേക്ക് വരാൻ വിമുഖത കാണിച്ചും ഒക്കെ വിശുദ്ധനു അതിയായ ദുഖത്തിന് കാരണമായിതീർന്നു.

ഒരു ദിവസം എബ്രോ നദിയുടെ തീരത്ത് തന്റെ ശിഷ്യന്മാരോടോത്ത് പ്രാർഥിച്ചിരുന്ന സമയത്ത് പരിശുദ്ധ അമ്മ മാലാഖമാരുടെ ഗണമായ കെരൂബുകളുടെ ഒപ്പം പ്രത്യക്ഷപ്പെടുകയും വിശുദ്ധനോട് സംസാരിക്കുകയും ചെയ്തു. ആളുകൾ സാവധാനം ക്രിസ്തുവിൽ വിശ്വസിക്കുമെന്നും അതിൽ യാതൊരു വിധ സംശയവും വേണ്ട എന്നും അവരുടെ വിശ്വാസം താൻ നിൽക്കുന്ന ഈ സ്തൂപത്തിലേത് പോലെ ശക്തമായി തീരുമെന്നും അമ്മ പറഞ്ഞു. ഒപ്പം, അമ്മ സ്തൂപത്തിൽ നിൽക്കുന്ന തടിയിൽ തീർത്ത ഒരു രൂപം വിശുദ്ധനു നൽകുകയും ചെയ്തു. ശേഷം അദ്ദേഹം എബ്രോ നദിയുടെ തീരത്ത് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ചാപ്പൽ പണിയുകയും ചെയ്തു. പിന്നീട് വിശുദ്ധ യാക്കോബും ശിഷ്യരും ജെരുസലെമിലേക്ക് പോകുകയും എഡി 44 ന് ഹെരോദ് അഗ്രിപ്പയുടെ ഭരണകാലത്ത് രക്ത സാക്ഷിത്വം വഹിക്കുകയും ചെയ്തു.

പരിശുദ്ധ അമ്മയുടെ ഈ പ്രത്യക്ഷീകരണം തിരു സഭ ഔദ്യോഗികമായി അംഗീകരിച്ചത് 1456 ൽ ആണ്. പോപ് കാലിസ്റ്റസ് ആണ് ഈ പ്രത്യക്ഷീകരണത്തെ ആധികാരികമാണെന്ന് അംഗീകരിക്കുകയും ചാപ്പലിനെ തീർഥാടന കേന്ദ്രമായി ഉയർത്തുകയും ചെയ്തു. ഒപ്പം ലേഡി ഓഫ് ദി പില്ലർ എന്ന പേര് ലഭിക്കുകയും ചെയ്തു.

ഇതിനിടെ ഇത് സംബന്ധിച്ച് ഒത്തിരി വിവാദങ്ങൾ ആ സമയം മുതൽ നിലനിന്നിരുന്നു. പന്ത്രണ്ടു കർദിനാൾമാർ അടങ്ങുന്ന സംഘത്തെ പരിശുദ്ധ പിതാവ് നിയോഗിക്കുകയും ഈ പ്രത്യക്ഷീകരണത്തിന്റെ ആധികാരികത സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 1723 ഓഗസ്റ്റ് 7 ന് ഇത് സേക്രഡ് കോൺഗ്രിഗേഷൻ ഓഫ് ദി റൈറ്റ്സ് ഈ സംഭവത്തെ ആധികാരികമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
പള്ളിയിൽ ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന തടിയിൽ തീർത്ത മാതാവിന്റെ രൂപം പരിശുദ്ധ അമ്മ വിശുദ്ധനു നൽകിയതാണെന്ന കാര്യത്തിൽ സംശയമില്ല. ആയിരത്തി നാനൂറ്റി മുപ്പത്തി നാലിൽ പള്ളിക്ക് തീ പിടിച്ചപ്പോൾ ഉണ്ടായിരുന്ന രൂപം തന്നെയാണ് ഇപ്പോഴും പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നു എന്ന വിശ്വസിക്കുന്ന വരാണ് ഭൂരിഭാഗവും വിശ്വാസികൾ. അതല്ല, ആ രൂപം കത്തി നശിച്ചു പോയി എന്ന് കരുതുന്നവരും ഉണ്ട്. പരിശുദ്ധ അമ്മയുടെ തടിയിൽ തീർത്ത രൂപത്തിന്റെ ഉയരം 15 ഇഞ്ചാണ്. അത് സ്ഥാപി ച്ചിരിക്കുന്നത് ആറടി ഉയരമുള്ള സൂര്യകാന്തി കല്ല് കൊണ്ടുള്ള സ്തൂപത്തിലാണ്.

പരിശുദ്ധ അമ്മയുടെ ഇടത് കൈയിൽ ഉണ്ണീശോയും ഈശോയുടെ ഇടതു കൈയിൽ ഒരു പ്രാവും ആണ് സ്തൂപത്തിലെ മാതൃരൂപത്തിന്റെ പ്രത്യേകതകൾ. സ്തൂപം ഒരു ചെറിയ തുണി കൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്നതായി കാണാം. പതിനാറാം നൂറ്റാണ്ട് മുതൽ ഇങ്ങിനെയാണ് രൂപം കാണപ്പെട്ടത്. വെങ്കലത്തിന്റെ ഒരു ചട്ട കൂടിൽ ആണ് അമ്മയുടെ ഈ രൂപം സ്ഥാപിച്ചിരിക്കുന്നത്. സ്തൂപത്തിലെ മാതാവിന് പത്താം പീയൂസ് പാപ്പയാണ് കിരീട ധാരണം നടത്തിയത്. മാർക്വസ് ഓഫ് ഗ്രീനി എന്ന ആളാണ് മാതാവിന്റെ കീരിടം രൂപകൽപന ചെയ്തത്.

എല്ലാ വർഷവും ഒക്ടോബർ 12ന് സ്തൂപത്തിലെ മാതാവിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് സരഗോസയിൽ എല്ലാ വർഷവും നടത്തപ്പെടുന്നത്. പൊതു അവധി സ്പാനിഷ് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട് ഈ ദിവസം.