വിശുദ്ധ കുര്‍ബാന നിലത്തുവീണാല്‍

0
159

വിശുദ്ധ കുര്‍ബാന നല്കുന്ന സമയത്ത് ചിലപ്പോള്‍ തിരുശ്ശരീരമോ തിരുരക്തത്തുള്ളികളോ നിലത്ത് വീഴാനുള്ള സാദ്ധ്യതകളുണ്ട്. അതീവശ്രദ്ധയോടെ തിരുരഹസ്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണെങ്കിലും അപൂര്‍വ്വമായെങ്കിലും കരങ്ങളില്‍ നിന്നും നാവില്‍ നിന്നുപോലും തിരുരഹസ്യങ്ങള്‍ താഴെവീഴുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എപ്പോള്‍ സംഭവിച്ചാലും വൈദികനോ ദിവ്യരഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശുശ്രൂഷകനോ (ഡീക്കന്‍, അതിസാധാരണ ശുശ്രൂഷകന്‍) ഈശോയുടെ തിരുശരീരരക്തങ്ങള്‍ക്ക് അര്‍ഹമായ ആദരവോടെ ആ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ലത്തീന്‍ മിസ്സലില്‍ (ആരാധനാക്രമഗ്രന്ഥം) നല്കിയിരിക്കുന്ന നിര്‍ദ്ദേശാനുസരണം, ”തിരുശരീരമോ അതിന്റെ ചെറിയ ഭാഗങ്ങളോ താഴെവീണാല്‍ അത്യാദരവോടെ അത് തിരിച്ചെടുക്കണം. തിരുരക്തത്തുള്ളികളാണെങ്കില്‍ അത് വീണ സ്ഥലം ശുദ്ധജലം ഉപയോഗിച്ച് കഴുകിയ ശേഷം ആ ജലം സങ്കീര്‍ത്തിയില്‍ പ്രത്യേകമായി ഇത്തരം കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ബേസിനില്‍ കളയണം”. ഇത്തരം ബേസിനുകള്‍ സങ്കീര്‍ത്തിക്കള്ളിലാണെങ്കിലും നേരെ ഭൂമിക്കടയിലേക്ക് തുറന്നിരുക്കുന്നവയാണ്. വളരെ കുലീനമായ രീതിയില്‍ തിരുരഹസ്യങ്ങളുടെ കണങ്ങളുള്‍ക്കൊള്ളുന്ന ജലം മണ്ണിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. തിരുരഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തെ വിരികളും പാത്രങ്ങളും (സങ്കീഞ്ഞുകളടക്കം) വൃത്തിയാക്കുന്‌പോള്‍ ആദ്യം ശുദ്ധജലത്തില്‍ കഴുകിയശേഷം ആ ജലം ഇപ്രകാരമാണ് മണ്ണിലേക്ക് ഒഴുക്കേണ്ടത്. ഇത്തരം ബേസിനുകള്‍ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ ചവിട്ടി നടക്കുകയോ മറ്റൊരു വിധത്തിലും വൃത്തിഹീനമാക്കുകയോ ചെയ്യാത്ത മണ്ണില്‍ ഈ ജലം ഒഴുക്കിക്കളയാവുന്നതാണ്.

താഴെവീഴുന്ന തിരുശരീരം ഭക്ഷ്യയോഗ്യമെങ്കില്‍ ഉള്‍ക്കൊള്ളുകയും ഭക്ഷ്യയോഗ്യമല്ലാതാവുകയാണെങ്കില്‍ വൃത്തിയുള്ള പാത്രത്തില്‍ ശുദ്ധജലമെടുത്ത് അതില്‍ കുറച്ച് സമയം സൂക്ഷിക്കുക. അപ്പോള്‍ അത് ജലത്തില്‍ ലയിക്കുകയും ആ ജലം മേല്‍പ്പറഞ്ഞപ്രകാരം ഒഴിച്ചുകളയുകയും ചെയ്യാം. വിശുദ്ധ കുര്‍ബാന നടന്നുകൊണ്ടിരിക്കുന്‌പോഴാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞകാര്യങ്ങള്‍ ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നതുവരെ തിരുശ്ശരീരം ഒരു വെള്ളത്തുണി ഉപയോഗിച്ച് മൂടിയിടുകയും മറ്റാരും ആ ഭാഗത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

”ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു” എന്ന ഈശോയുടെ വാക്കുകളില്‍ അത്രമേല്‍ വിശ്വസിക്കുന്നതുകൊണ്ടാണ് തിരുസ്സഭ ഇത്രമാത്രം ആദരവോടെ തിരുശരീരക്തങ്ങളുടെ ചെറുകണങ്ങളെപ്പോലും കൈകാര്യം ചെയ്യുന്നത്. നിലത്തുവീഴുന്ന തിരുശരീരരക്തങ്ങളുടെ കണങ്ങള്‍ വെള്ളത്തുണി കൊണ്ട് മൂടിയിട്ട ശേഷം അവ നിലത്തുനിന്ന് നേരിട്ട് നാവുകൊണ്ട് ഉള്‍ക്കൊണ്ടിരുന്ന വിശുദ്ധരായ വൈദികര്‍ ധാരാളമായി കത്തോലിക്കാസഭയില്‍ ജീവിച്ചിരുന്നു. ഈശോയുടെ ശരീരക്തങ്ങള്‍ വീണ മണ്‍തരികള്‍ പോലും മറ്റുള്ളവരാല്‍ ചവിട്ടപ്പെടരുതെന്ന് അവര്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം.