പഴയ നിയമത്തിലും പുതിയ നിയമത്തിലുമെല്ലാം ധാരാളം അത്ഭുതങ്ങളുടെ വിവരണങ്ങള്‍ ഉണ്ട്. ഈ അത്ഭുതങ്ങള്‍ എല്ലാം തന്നെ നടന്നത് മനുഷ്യരുടെ ഏതെങ്കിലും പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയാണ്. ഒന്നുകില്‍ ഒരു വ്യക്തിക്കുവേണ്ടി, അല്ലെങ്കില്‍ ഒരു ഗ്രൂപ്പിനുവേണ്ടി, അതുമല്ലെങ്കില്‍ ഒരു സമൂഹത്തിനു മുഴുവന്‍ വേണ്ടി. രോഗികളെ സുഖപ്പെടുത്തിയത് മുഖ്യമായും വ്യക്തിക്കുവേണ്ടി ചെയ്ത അത്ഭുതങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്. വിശന്നു വലഞ്ഞ ജനത്തിന് യേശു അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയതും മറ്റും ഒരു ഗ്രൂപ്പിനുവേണ്ടി ചെയ്ത അത്ഭുതത്തിന് ഉദാഹരണമാണ്. വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയില്‍ മേഘസ്തംബവും അഗ്നിസ്തംബവും ആയതും മന്നാ വര്‍ഷിച്ചതും ചെങ്കടല്‍ വിഭജിച്ചതുമെല്ലാം ഒരു സമൂഹത്തിനുവേണ്ടി ചെയ്ത അത്ഭുതങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ആണ്.
മിക്കവാറും അത്ഭുതങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും, ഈ അത്ഭുതത്തിന് സാഹചര്യം ഒരുക്കിയത് ചില വ്യക്തികള്‍ ആണെന്ന്. അടിമത്വത്തില്‍ കഴിഞ്ഞിരുന്ന ജനത്തിന്റെ നിലവിളിയുടെ ഫലമാണ് അവിടെനിന്ന് ദൈവം മോചനം നല്കാന് കാരണം. പുറപ്പാട് യാത്രയില്‍ നിരവധി അത്ഭുതങ്ങള്‍ ഉണ്ടായത് മോശയോ, ജനം ഒന്നുചേര്‍ന്നോ പ്രാര്‍ത്ഥിച്ചപ്പോള്‍ ആണ്. യേശു ചെയ്ത എല്ലാ അത്ഭുതങ്ങളും തന്നെ ആരൊക്കെയോ യേശുവിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ ആണ് നടന്നത്.
അത്ഭുതങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവരില്‍ പല കൂട്ടര് ഉണ്ട്. പ്രശ്നങ്ങളിലൂടെ അഥവാ രോഗങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവര് നേരിട്ട് പ്രാര്‍ത്ഥിച്ച് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. രോഗിയുടെ അഥവാ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവരുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പ്രാര്‍ത്ഥിച്ച് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ഭൃത്യനുവേണ്ടി യജമാനന് പ്രാര്‍ത്ഥിച്ച് അത്ഭുതം നടന്നിട്ടുണ്ട്. അത്ഭുതം നടന്നുകിട്ടേണ്ട വ്യക്തിയുമായി യാതൊരു കുടുംബ രക്ത ബന്ധവും ഇല്ലാത്തവര്‍ പ്രാര്‍ത്ഥിച്ചും അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കാനായിലെ കല്യാണവിരുന്നില്‍ മറിയത്തിന്റെ മധ്യസ്ഥത വഴി ഒരു അത്ഭുതം നടന്നു. യേശു പ്രവര്‍ത്തിച്ച ആദ്യ അത്ഭുതം. വെള്ളം വീഞ്ഞാക്കി യേശു മാറ്റി. അതിലൂടെ ആ കല്യാണവീട്ടില്‍ ഉണ്ടായ ഒരു പ്രശ്നത്തിന് പരിഹാരവും ഉണ്ടായി. സ്വര്‍ഗത്തില്‍ ആയിരിക്കുമ്പോഴും നമ്മെപ്പറ്റി കരുതലും ചിന്തയും ഉള്ള വ്യക്തിയാണ് മറിയം. അതുകൊണ്ടാണ്, നിരവധി സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് മറിയം സന്ദേശങ്ങള്‍ നല്‍കുന്നതും അത്ഭുതങ്ങള്‍ യേശുവിനെക്കൊണ്ട് ചെയ്യിക്കുന്നതും. അതിനാല്‍, മറിയത്തിന്റെ മധ്യസ്ഥതയില്‍ നമ്മുടെ പ്രശ്നങ്ങള്‍ തീരുവാനുള്ള സാധ്യത ഉണ്ട്. മറിയത്തിന്റെ മധ്യസ്ഥത തേടി നമ്മള് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം. നിത്യസഹായമാതാവ് എന്ന പേര് തന്നെ മറിയത്തിന് ഉണ്ടായത് മറിയത്തിലൂടെ എല്ലാക്കാലത്തും ദൈവത്തിന്റെ ഇടപെടലും അതുവഴി അത്ഭുതങ്ങളും നടന്നതുകൊണ്ടാണ്.
കാനായിലെ അത്ഭുതത്തിന് കാരണക്കാരി മറിയമാണ്. ഇതുപോലെ, ലോകത്തില്‍ അനേകം അത്ഭുതങ്ങള്‍ നടക്കുവാന്‍ കാരണക്കാര്‍ മറ്റ് മനുഷ്യരാണ്. കഷ്ടപ്പെടുന്നവരുടെ, രോഗികളുടെ, സാമ്പത്തിക തകര്‍ച്ച അനുഭവിക്കുന്നവരുടെ ഒക്കെ ജീവിതത്തില്‍ ദൈവം ഇടപെട്ട് അത്ഭുതങ്ങള്‍ ചെയ്യുവാന്‍ പ്രാര്ത്ഥിക്കുന്നവരില്ലേ? വിവാഹതടസം മാറാന്‍, മക്കള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് മക്കളെ ലഭിക്കുവാന്‍, കുടുംബകലഹം മാറുവാന്‍, ജോലി തടസം മാറുവാന്‍, മാനസാന്തരം ഉണ്ടാകുവാന്‍, ദുശീലങ്ങള്‍ ഉപേക്ഷിക്കുവാന്‍ ഒക്കെ മറ്റുള്ളവര്‍ക്കുവേണ്ടി മധ്യസ്ഥപ്രാര്‍ത്ഥന നടത്തുകയും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലേ? ലോകത്തില്‍ എത്രയോ സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ദൈവം അത്ഭുതങ്ങള്‍ ചെയ്യുവാന്‍ നിരന്തരം മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്ന വ്യക്തികളും ഗ്രൂപ്പുകളും ഉണ്ട്. അവരുടെ പ്രാര്‍ത്ഥനകള്‍ വഴി എത്രയോ അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്.
ഇനിയും എത്രയോ അത്ഭുതങ്ങള്‍ നടക്കാനിരിക്കുന്നു. അതേ, നമുക്ക് നമ്മുടെ പ്രാര്‍ത്ഥന വഴി മറ്റുള്ളവര്‍ക്കുവേണ്ടി ദൈവത്തെക്കൊണ്ട് അത്ഭുതങ്ങള്‍ ചെയ്യിക്കുവാന്‍ കഴിയും. അങ്ങനെ അനേകരുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം ഒരു പരിധിവരെ എങ്കിലും ഉണ്ടാകുവാന്‍ കഴിയും. ഇങ്ങനെ നമ്മുടെ പ്രാര്‍ത്ഥന വഴി ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കഴിവല്ല; ദൈവത്തിന്റെ മേല്‍ മനുഷ്യന് കഴിവും അധികാരവും ഉള്ളതുകൊണ്ടുമല്ല. പ്രത്യുത ദൈവത്തിന്റെ കാരുണ്യവും സ്നേഹവും കൊണ്ട് മാത്രമാണ്. സഹിക്കുന്നവരുടെ സഹനങ്ങള്‍ കുറക്കുവാനോ ഇല്ലാതാക്കുവാനോ ദൈവം മനസാകുമ്പോള്‍ മനുഷ്യന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നു. മധ്യസ്ഥ പ്രാര്‍ത്ഥനയെ ദൈവം മാനിക്കുന്നതിന്റെ അടയാളങ്ങള്കൂടിയാണത്. പ്രാര്‍ത്ഥിക്കണം എന്ന് നമ്മെ പഠിപ്പിച്ച യേശു നമ്മുടെ പ്രാര്‍ത്ഥനയെ മാനിക്കുന്നു. അത് അത്ഭുതങ്ങള്‍ക്ക് കാരണമായിത്തീരുന്നു.
മോശ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കാരണമായി. മറിയം അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കാരണമായി. യേശുവിന്റെ അടുത്ത് രോഗികളെ കൊണ്ടുവന്നവര്‍ അത്ഭുതങ്ങള്‍ നടക്കുവാന്‍ കാരണമായി. രോഗികള്‍ക്കുവേണ്ടി യേശുവിന്റെ അടുത്തുവന്ന് മധ്യസ്ഥപ്രാര്‍ത്ഥന നടത്തിയവര്‍ അത്ഭുതങ്ങള്‍ നടക്കുവാന്‍ കാരണമായി. നിരവധി വ്യക്തികളും പ്രാര്‍ത്ഥനാഗ്രൂപ്പുകളും അത്ഭുതങ്ങള്‍ നടക്കുന്നതിന് കാരണക്കാരായി. ധ്യാനം, കണ്‍വന്‍ഷനുകള്‍ എന്നിവ നടക്കുമ്പോള്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന ജനം മുഴുവന്‍ അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ കാരണക്കാരായി. ഇതുപോലെ ഇവരൊക്കെകാരണം ഭാവിയിലും അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യും.
ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ കാരണം ഒരു അത്ഭുതം ആര്‍ക്കെങ്കിലും നടന്നുകിട്ടിയിട്ടുണ്ടോ? നിങ്ങളുടെ പ്രാര്‍ത്ഥന കേട്ട് ദൈവം ഒരത്ഭുതം പ്രവര്‍ത്തിച്ച് ആരുടെയെങ്കിലും പ്രശ്നങ്ങള്‍ കുറക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടോ? ഇല്ല, അറിയത്തില്ല. ഉണ്ട് എന്നിങ്ങനെ മൂന്നു തരം ഉത്തരങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പ്. എന്നാല്‍ ഇങ്ങനെ ഒന്ന് ആഗ്രഹിക്കുകയും ചിന്തിക്കുകയും ചെയ്യാമോ? ഞാന്‍ കാരണം, ദൈവം അത്ഭുതങ്ങള്‍ ചെയ്യണം. ചില അത്ഭുതങ്ങള്‍ക്ക് ഞാന്‍ കാരണക്കാരന്‍ അഥവാ കാരണക്കാരി ആകണം. എന്തെന്നാല്‍ എന്റെ പ്രാര്‍ത്ഥന കേട്ടും അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ദൈവം തയ്യാറാണ്.