
1347-ൽ സിയന്നായിൽ ജയിംസ് ബെനിൻകാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീൻ ജനിച്ചത്. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിൻകാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികൾക്ക് നന്മയുടെ ഒരു ഉറച്ച അടിത്തറ നൽകുകയും, ദൈവഭക്തിയുടെ പാഠങ്ങൾ തന്റെ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളിൽ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്‌നേഹം വെച്ചുപുലർത്തിയിരുന്നു. ദൈവത്തെ പറ്റി അവൾ കൂടുതലായി അറിയുവാൻ തുടങ്ങിയതു മുതൽ ദൈവം വിശുദ്ധക്ക് അസാധാരണമായ വരദാനങ്ങൾ നൽകി അനുഗ്രഹിക്കുകയുണ്ടായി. ചെറുപ്പം മുതൽക്കേ തന്നെ വിശുദ്ധക്ക് ഏകാന്ത ജീവിതത്തെ ഇഷ്ടപ്പെട്ടിരിന്നു.
ചെറുപ്പത്തിൽ തന്നെ സ്വകാര്യ പ്രതിജ്ഞയിലൂടെ അവൾ തന്റെ കന്യകാത്വം ദൈവത്തിനായി സമർപ്പിച്ചു. അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളിൽ കാണാത്തവിധത്തിലുള്ള നന്മയും, ഭക്തിയും അവളിൽ പ്രകടമായിരിന്നു. കാതറിന് 12 വയസ്സായപ്പോൾ തന്നെ അവളെ വിവാഹം കഴിപ്പിക്കുവാൻ മാതാപിതാക്കൾ തീരുമാനിച്ചു. തനിക്ക് ഒറ്റക്ക് ജീവിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അവൾ പറഞ്ഞെങ്കിലും അവളുടെ മാതാപിതാക്കൾ അത് ചെവികൊണ്ടില്ല.
ഏകാന്തജീവിതത്തെ പറ്റിയുള്ള ചിന്തയിൽ നിന്നും, ഭക്തിയിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി അവളുടെ മാതാപിതാക്കൾ ഏറെ ശ്രമം നടത്തി. അതേ തുടർന്നു അതുവരെ അവൾ താമസിച്ചു വന്നിരുന്ന ചെറിയ മുറിയിൽ നിന്നും അവളെ മാറ്റുകയും, കഠിനമായ ജോലികൾ അവളെ ചെയ്യിപ്പിക്കാനും തുടങ്ങി. കഠിനമായ ജോലികളും, തന്റെ സഹോദരിമാരുടെ കളിയാക്കലുകളും, അപമാനങ്ങളും വിശുദ്ധ വളരെയേറെ സമചിത്തതയോടെ നേരിട്ടു.
ഒരിക്കൽ തന്റെ സഹോദരിമാരുടേയും, കൂട്ടുകാരികളുടേയും നിർബന്ധത്തിനു വഴങ്ങി വിശുദ്ധ പരിഷ്‌കൃതമായ വസ്ത്രം ധരിച്ചു. എന്നാൽ പിന്നീട് വിശുദ്ധ അതിൽ പശ്ചാത്തപിക്കുകയും തന്റെ ജീവിതകാലം മുഴുവനും ആ പശ്ചാത്താപത്താപം നിറഞ്ഞ മനസ്സിൽ ജീവിക്കുകയും ചെയ്തു. തന്റെ മൂത്ത സഹോദരിയായ ബെനവന്തൂരയുടെ മരണത്തോടെ വിശുദ്ധയുടെ പിതാവ് അവളുടെ ഭക്തിപരമായ ജീവിതത്തെ പിന്തുണക്കുവാൻ തുടങ്ങി. അവൾ പാവങ്ങളെ സഹായിക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, തടവ് പുള്ളികളെ സന്ദർശിക്കുകയും ചെയ്തിരുന്നു. വേവിച്ച വെറും ഇലകളായിരുന്നു വിശുദ്ധയുടെ ഭക്ഷണം. അവളുടെ വസ്ത്രമാകട്ടെ വെറും പരുക്കൻ രോമക്കുപ്പായവും, കിടക്കയാകട്ടെ വെറും തറയും.
1365-ൽ തന്റെ 18-മത്തെ വയസ്സിൽ കാതറിൻ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയിൽ ചേർന്നുകൊണ്ട് സന്യാസ വസ്ത്രം സ്വീകരിച്ചു. കന്യകാമഠത്തിലെ തന്റെ ഇടുങ്ങിയ മുറി വിശുദ്ധയുടെ സ്വർഗ്ഗമായി തീർന്നു. മൂന്ന് വർഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവൾ സംസാരിച്ചിരുന്നില്ല. ഇതിനിടെ സാത്താന്റെ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം വിശുദ്ധ തന്റെ രക്ഷകന്റെ സഹായത്തോടെ നേരിട്ടു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിനു നിരവധി അത്ഭുതങ്ങൾ വഴി ദൈവം അവൾക്ക് പ്രതിഫലം നൽകി. ചിലപ്പോൾ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാർത്ഥങ്ങൾ ഇരട്ടിപ്പിച്ചു കൊണ്ടും മറ്റ് ചിലപ്പോൾ പാവങ്ങൾക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾ ചുമക്കുവാനുള്ള കഴിവ് അവൾക്ക് നൽകികൊണ്ടും ദൈവം ഇടപെട്ടു.
ഇതിനിടെ കുഷ്ഠരോഗം ബാധിച്ച ടോക്കാ എന്ന് പേരായ ഒരു പാവപ്പെട്ട സ്ത്രീയെ വിശുദ്ധ വസ്ത്രം ധരിപ്പിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തതിനാൽ മജിസ്‌ട്രേറ്റ് വിശുദ്ധയെ നഗരത്തിൽ നിന്നും പുറത്താക്കുവാൻ ഉത്തരവിട്ടു. ഇത് വിശുദ്ധയിൽ യാതൊരു മാറ്റവും വരുത്തിയില്ലയെന്ന് മാത്രമല്ല വിശുദ്ധ തന്റെ കാരുണ്യപ്രവർത്തികൾ അഭംഗുരം അവൾ തുടർന്നു. മറ്റൊരവസരത്തിൽ വിശുദ്ധ ഒരു കാൻസർ രോഗിയുടെ വൃണം വൃത്തിയാക്കുകയും, നീണ്ടകാലത്തോളം അവരെ ശുശ്രൂഷിക്കുകയും ചെയ്തു.
വിശുദ്ധയുടെ അസാധാരണമായ കാരുണ്യം നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാൻ കാരണമായി. പിയൂസ് രണ്ടാമൻ പാപ്പാ വിശുദ്ധ കാതറിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, ”വിശുദ്ധയെ സമീപിക്കുന്ന ആരും തന്നെ മാനസാന്തരപ്പെടാതെ പോയിട്ടില്ല”. ഒരിക്കൽ നാന്നെസ് എന്ന് പേരായ കുഴപ്പക്കാരനായിരുന്ന ഒരു പുരുഷനെ വിശുദ്ധയുടെ പക്കൽ കൊണ്ട് വന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ പറ്റി അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അത് ഫലമണിഞ്ഞില്ല. അവൾ പ്രാർത്ഥിക്കുവാൻ തുടങ്ങി. ഉടൻ തന്നെ ആ മനുഷ്യനിൽ പരിപൂർണ്ണമായ ഒരു മാറ്റം സംഭവിച്ചു.
പശ്ചാത്താപം നിറഞ്ഞ കണ്ണുനീർ അതിന് സാക്ഷ്യമായിരുന്നു. തുടർന്നു അവൻ തന്റെ ശത്രുക്കളുമായി അനുരജ്ഞനം ചെയ്യുകയും അനുതാപപരമായ ജീവിതം നയിക്കുവാൻ ആരംഭിക്കുകയും ചെയ്തു. തനിക്ക് വരുത്തിയ ഈ മാറ്റത്തിന് പ്രതിഫലമായി ആ നഗരത്തിൽ അയാൾക്ക് സ്വന്തമായുണ്ടായിരുന്ന ഒരു ഭവനം വിശുദ്ധക്ക് സമ്മാനമായി നൽകി. പിന്നീട് വിശുദ്ധ അത് പാപ്പായുടെ അനുമതിയോടെ ഒരു സന്യാസിനീ ഭവനമാക്കി മാറ്റി.
1374-ൽ ഒരു പകർച്ചവ്യാധി അവൾ താമസിച്ചിരിന്ന നഗരത്തെയാകെ പിടികൂടിയപ്പോൾ വിശുദ്ധ കാതറീൻ രോഗബാധിതരായവരെ സേവിക്കുവാൻ തന്നെ തന്നെ സമർപ്പിക്കുകയും നിരവധി പേരെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധയെ കാണുവാനും, വിശുദ്ധ പറയുന്നത് കേൾക്കുവാനും രാജ്യത്തെ ദൂര സ്ഥലങ്ങളിൽ നിന്നും പോലും നിരവധി ആളുകൾ എത്തി തുടങ്ങി.
നിരവധി ആളുകൾക്ക് വിശുദ്ധ കാതറിൻ ശാരീരികമായ ആരോഗ്യവും, ആത്മീയ സൗഖ്യവും നൽകി. വിശുദ്ധ മാനസാന്തരപ്പെടുത്തിയ ആളുകളെ ഒരു നല്ല ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ അവരെ കുമ്പസാരിപ്പിക്കുന്നതിനായി ഗ്രിഗറി പതിനൊന്നാമൻ പാപ്പാ കാപുവായിലെ വിശുദ്ധ റെയ്മണ്ടിനേയും, മറ്റ് രണ്ട് ഡൊമിനിക്കൻ സന്യാസിമാരേയും സിയന്നായിൽ നിയമിക്കുകയുണ്ടായി.
1375-ൽ വിശുദ്ധ പിസായിലായിരിക്കുമ്പോൾ ഫ്‌ലോറെൻസിലേയും, പെറൂജിയായിലേയും, ടസ്‌കാനിയായിലെ നല്ലൊരു ഭാഗം ജനങ്ങളും ഒരു സഖ്യമുണ്ടാക്കുകയും സഭക്കെതിരായി തിരിയുകയും ചെയ്തു. ഈ വാർത്ത വിശുദ്ധയുടെ ചെവിയിലുമെത്തി. ഗൂയെൽഫ്‌സ്, ഗിബെല്ലിനസ് എന്നീ രണ്ട് വിരുദ്ധ കക്ഷികൾ ഫ്‌ലോറെൻസിനെ വിഭജിക്കുകയും പാപ്പാക്കെതിരായി ഐക്യത്തോടെ അണിചേരുകയും ചെയ്തു.
നിരവധി പ്രദേശങ്ങൾ അവർ പിടിച്ചടക്കി. അവരുമായുള്ള മാധ്യസ്ഥ ചർച്ചക്ക് മജിസ്‌ട്രേറ്റുമാരും, പാപ്പായും വിശുദ്ധ കാതറിനെയാണ് പരിഗണിച്ചത്. അതിൻ പ്രകാരം വിശുദ്ധ കാതറിൻ അവിഗ്‌നോണിലേക്ക് വന്നു. അവർക്കിടയിൽ നിലനിന്നിരിന്ന ഭിന്നിപ്പുകൾ ഇല്ലാതാക്കുവാൻ വിശുദ്ധയ്ക്ക് കഴിഞ്ഞു. വിശുദ്ധയോട് ശത്രുത വെച്ച് പുലർത്തിയിരുന്ന നിരവധി വേദപാരംഗതന്മാർ വിശുദ്ധയുടെ ആത്മീയ അറിവിന്റെ വെളിച്ചത്തിനു മുൻപിൽ അമ്പരന്നു പോയിട്ടുണ്ട്.
ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പ, വിശുദ്ധയോട് ഫ്‌ലോറെൻസിലെ കുഴപ്പങ്ങൾ അവസാനിപ്പിച്ചു തരുവാൻ ആവശ്യപ്പെട്ടു, അതനുസരിച്ച് ഫ്‌ലോറെൻസിലെത്തിയ വിശുദ്ധ നിരവധി അപകട ഘട്ടങ്ങൾ തരണം ചെയ്ത് ആ കുഴപ്പക്കാരായ ജനതയെ ശാന്തരാക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും അവരെ പാപ്പായുടെ അധികാരപരിധിയിൽ കൊണ്ട് വരികയും ചെയ്തു. ഈ അനുരജ്ഞനം 1378-ലാണ് സംഭവിച്ചത്.
ഗ്രിഗറി പതിനൊന്നാമൻ പാപ്പായുടെ മരണത്തിനു ശേഷം പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഉർബൻ ആറാമൻ പാപ്പാ എല്ലാവർക്കും സ്വീകാര്യനല്ലായിരുന്നു. അദ്ദേഹത്തിന്റെ പരുക്കൻ രീതികൾ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കർദ്ദിനാൾമാരിൽ ചിലർ ആ തിരഞ്ഞടുപ്പ് അസാധുവാക്കി കൊണ്ട് ക്ലെമന്റ് ഏഴാമനെ പാപ്പായായി തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചു. ഇതിൽ ദുഖിതയായ വിശുദ്ധ നിയമപ്രകാരമുള്ള പാപ്പായായ ഉർബൻ ആറാമന് വേണ്ടി നിരവധി കത്തുകൾ വിവിധ രാജാക്കൻമാർക്കും, കർദ്ദിനാൾമാർക്കും എഴുതുകയുണ്ടായി.
നല്ലൊരു ജീവിതമാതൃക നൽകിയതിനു പുറമേ സംവാദരൂപത്തിലുള്ള ആറോളം പ്രബന്ധങ്ങൾ വിശുദ്ധ നമുക്കായി അവശേഷിപ്പിച്ചിട്ടുണ്ട്. അവൾ എഴുതിയിട്ടുള്ള ഏതാണ്ട് 364-ഓളം കത്തുകളിൽ നിന്നും വിശുദ്ധ ഒരു അസാധാരണ പ്രതിഭയായിരുന്നുവെന്ന കാര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. 1380 ഏപ്രിൽ 29ന് തന്റെ 33-മത്തെ വയസ്സിൽ റോമിൽ വെച്ച് വിശുദ്ധ കർത്താവിൽ അന്ത്യനിദ്ര പ്രാപിച്ചു. മിനർവായിലെ കത്രീഡലിലാണ് വിശുദ്ധയെ അടക്കം ചെയ്തത്.
അവിടത്തെ ഒരു അൾത്താരയിൽ ഇപ്പോഴും വിശുദ്ധയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നു. സിയന്നായിലെ ഡൊമിനിക്കൻ ദേവാലയത്തിലാണ് വിശുദ്ധയുടെ തലയോട്ടി സൂക്ഷിച്ചിരിക്കുന്നത്. 1461-ൽ പിയൂസ് രണ്ടാമൻ പാപ്പായാണ് കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
പുണ്യത്തിൽ വളരാൻ സുകൃതങ്ങളിൽ അഭിവൃദ്ധിപ്പെടാൻ നമുക്കും വിശുദ്ധയോട് അപേക്ഷിക്കാം.