ഇരിങ്ങാലക്കുട രൂപതയില്‍ കാട്ടൂര്‍ ഗ്രാമത്തില്‍ എടത്തുരുത്തി ഇടവകയില്‍ 1877 ഒക്ടോബര്‍ 17-ന് എവുപ്രാസ്യ ജനിച്ചു. എലുവത്തിങ്കല്‍ ചേര്‍പ്പൂക്കാരന്‍ കാക്കുവിന്റെ മകന്‍ അന്തോണിയാണ് പിതാവ്. അരണാട്ടുകര ചാലിശ്ശേരി ഇട്ടിക്കുരുവിന്റെ തറവാട്ടിലെ പൊറിഞ്ചുവിന്റെ മകള്‍ കുഞ്ഞേത്തിയാണ് മാതാവ്. റോസ എന്നായിരുന്നു മാമ്മോദീസാപേര്. സമ്പന്നമായ തറവാട്ടില്‍ ആദ്യമായി പിറന്ന പെണ്‍കുട്ടിയായതുകൊണ്ട് പട്ടിലും പൊന്നിലും പൊതിഞ്ഞ് അവളെ വളര്‍ത്തി.
അമ്മ പറഞ്ഞുകൊടുത്ത വിശുദ്ധരുടെ കഥകളും ബൈബിള്‍ കഥകളും കേട്ടുവളര്‍ന്ന റോസയ്ക്ക് പ്രാര്‍ത്ഥിക്കാനും ലളിതജീവിതം നയിക്കാനും തപസ്സനുഷ്ഠിക്കാനുമായിരുന്നു ചെറുപ്പത്തിലേ താത്പര്യം. ഒമ്പതാമത്തെ വയസ്സില്‍ അവള്‍ നിത്യകന്യകാത്വം ഈശോയ്ക്ക് വാഗ്ദാനം ചെയ്തുവത്രെ! ഇതറിഞ്ഞ് പിതാവ് അന്തോണി കര്‍ശനമായി എതിര്‍ത്തു. റോസയെ കന്യാസ്ത്രീയാകാന്‍ വിടില്ലെന്നും, അനുജത്തി കൊച്ചുത്രേസ്യയെ വിടാമെന്നുമായിരുന്നു അന്തോണിയുടെ വാശി. പക്ഷേ, വാശി നടന്നില്ല. കൊച്ചുത്രേസ്യ രോഗം ബാധിച്ച് പെട്ടെന്ന് മരിച്ചു. അവസാനം റോസയെ കന്യാസ്ത്രീയാകാന്‍ അനുവദിക്കുകയും ചെയ്തു.
കേരളത്തിലെ പ്രഥമ സന്ന്യാസിനീസഭ 1866-ലാണ് ചാവറയച്ചന്റെ പരിശ്രമത്താല്‍ കൂനമ്മാവില്‍ സ്ഥാപിതമായത്. 1888-ല്‍ റോസ കര്‍മ്മലീത്താമഠം വക ബോര്‍ഡിംഗിലെത്തി പഠനം ആരംഭിച്ചു. അന്നവള്‍ക്ക് പതിനൊന്നു വയസ്സായിരുന്നു. പക്ഷേ അനാരോഗ്യം അവളുടെ കൂടെ പ്പിറപ്പായിരുന്നു. 1889-ല്‍ രോഗം വല്ലാതെ മൂര്‍ച്ഛിച്ചു. എങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. 1897 മെയ് 10-ന് ‘ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ’ എന്ന പേരില്‍ അവള്‍ ശിരോവസ്ത്രം സ്വീകരിച്ചു. 1898 ജനുവരി 10-നായിരുന്നു സഭാവസ്ത്രസ്വീകരണം. 1900 മെയ് 24-ന് വ്രതാനുഷ്ഠാനകര്‍മ്മവും നടന്നു. 1899 മുതല്‍ 1919 വരെ തൃശൂര്‍ മെത്രാന്‍ അഭിവന്ദ്യ ജോണ്‍ മേനാച്ചേരിയായിരുന്നു എവുപ്രാസ്യയുടെ കുമ്പസാരക്കാരവും ആത്മനിയന്താവും.
ത്യാഗങ്ങള്‍, ഇടമുറിയാത്ത പ്രാര്‍ത്ഥനകള്‍, അറിയപ്പെടാത്ത സഹനങ്ങള്‍, രോഗങ്ങള്‍, പരീക്ഷണങ്ങള്‍, പൈശാചിക ആക്രമണങ്ങള്‍, വിമര്‍ശനങ്ങളും തെറ്റിദ്ധാരണകളും-എല്ലാം നിറഞ്ഞതായിരുന്നു എവുപ്രാസ്യയുടെ ജീവിതം. 1904 മുതല്‍ 1910 വരെ ഒല്ലൂര്‍ മഠത്തിന്റെ ഉപമഠാധിപയും നവസന്ന്യാസിനികളുടെ ഗുരുനാഥയുമായിരുന്നു. നിയമം അനുസരിക്കുന്നതിലും അനുസരിപ്പിക്കുന്നതിലും വലിയ നിഷ്ഠയായിരുന്നു അവര്‍ക്ക്. 1913-ല്‍ മഠാധിപയായി.
തൃശൂര്‍ അതിരൂപതയിലെ തിരുക്കുടുംബ സന്ന്യാസിനീസമൂഹസ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ രണ്ടുമാസം അവരുടെ ദൈവവിളി തിരിച്ചറിയുന്നതിനും പരിശീലനത്തിനുമായി എവുപ്രാസ്യയുടെ ശിക്ഷണത്തിലാണ് അഭിവന്ദ്യപിതാവ് ഏല്പിച്ചത്.
ദൈവഹിതത്തോടുള്ള വിധേയത്വമായിരുന്നു എവുപ്രാസ്യയുടെ ദൈവസ്നേഹത്തിന്റെ കാതല്‍. തിരുഹൃദയത്തോട് അതിരറ്റ ഭക്തിയുണ്ടായിരുന്നു. രോഗികളെ കരുതലോടെ ശുശ്രൂഷിച്ചു. പാവങ്ങളോടു കരുണ കാണിച്ചു. നീണ്ട മണിക്കൂറുകള്‍ ജപമാല പ്രാര്‍ത്ഥനയില്‍ മുഴുകി.
കാലത്തിന്റെ തികവില്‍ എലുവത്തിങ്കല്‍ തറവാടിന്റെ സമ്പത്തും പ്രതാപവും നശിച്ചു. സഹോദരങ്ങള്‍ നാടും വീടും വിട്ടുപോയി. അവരില്‍ ചിലര്‍ക്കു സംഭവിച്ച മാര്‍ഗ്ഗഭ്രംശങ്ങള്‍ കൂടിയായപ്പോള്‍ എവുപ്രാസ്യ തികച്ചും തളര്‍ന്നുപോയി. 1913-ല്‍ പിതാവും 1923-ല്‍ മാതാവും മരിച്ചു.
1916-ല്‍ മഠാധിപസ്ഥാനം ഉപേക്ഷിച്ച എവുപ്രാസ്യയെന്ന ‘പ്രാര്‍ത്ഥിക്കുന്ന അമ്മ’യെ കാണാന്‍, പ്രാര്‍ത്ഥനാസഹായം ചോദിക്കാന്‍ സന്ദര്‍ശന മുറിയില്‍ ആളുകള്‍ കാത്തുനില്‍ക്കുമായിരുന്നു. പള്ളിയും മുറിയും കഴിഞ്ഞാല്‍ പിന്നെ കണ്ടുമുട്ടുക രോഗികളുടെ അടുത്തായിരിക്കും. മറ്റുള്ളവരുടെ ഹൃദയങ്ങള്‍ വായിച്ചറിയാന്‍ എവുപ്രാസ്യക്കു പ്രത്യേക കഴിവുണ്ടായിരുന്നു. അമ്മയുടെ വാക്കുകള്‍ക്കും ഉണ്ടായിരുന്നു ഒരു പ്രവാചകശക്തി.
1950-ല്‍ ഒല്ലൂര്‍ മഠത്തിന്റെയും എവുപ്രാസ്യയുടെ വ്രതാനുഷ്ഠാനത്തിന്റെയും സുവര്‍ണ്ണജൂബിലിയായിരുന്നു. 1952 ആഗസ്റ്റ് 29-ന് രോഗം മൂര്‍ച്ഛിക്കുകയും സന്ധ്യയോടെ മരിക്കുകയും ചെയ്തു. 2002 ജൂലൈ 5-ന് എവുപ്രാസ്യയെ ധന്യയായി പ്രഖ്യാപിച്ചു. 2014 നവംബര്‍ 23-ന് ഫ്രാന്‍സീസ് മാര്‍പാപ്പ എവുപ്രാസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.