കരിപ്പൂരിൽ എയർ ഇന്ത്യഎക്സ്പ്രസ് അപടത്തിൽപെട്ടപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്ന ആതിഫ് മുഹമ്മദിന് ഒരിക്കലും തിരിച്ചുകിട്ടാത്ത രണ്ട് നഷ്ടങ്ങളാണ് ജീവിതത്തിലുണ്ടായത്. ഗർഭിണിയായ ഭാര്യയേയും അവരുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെയുമാണ് ആതിഫിന് നഷ്ടമായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാൽ അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആതിഫിന്റെ അരികിൽ സന്ദർശക വിസയിൽ എത്തിയത്. ഭാര്യ ഗർഭിണിയായതോടെ ആതിഫിന്റെയും ആതിഫിനോടൊപ്പം താമസിക്കുന്ന ഉപ്പ ഇസ്മയിലിന്റെയും ഉമ്മയുടെയും സന്തോഷം വീടെങ്ങും നിറഞ്ഞു. പ്രസവമടുക്കുമ്പോൾ ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്ക് മടങ്ങാനായിരുന്നു ആതിഫ് തീരുമാനിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 10ന് മുമ്പ് സന്ദർശക വിസക്കാർ യുഎഇ വിടണമെന്ന് നിയമമുണ്ടായിരുന്നതിനാൽ ആതിഫും ഉപ്പയും ഉമ്മയും സങ്കടത്തോടെയാണ് മനാലിനെ നാട്ടിലേക്കയച്ചത്.
ഭാര്യയെ യാത്രയാക്കി സങ്കടത്തോടെ മുറിയിൽ എത്തിയപ്പോൾ ആതിഫിനെ തേടി അപകടവാർത്തയെത്തി. ഭാര്യയെ അവസാനമായി കാണാനായി ആതിഫും മാതാവ് സഫിയയും ഇന്ന് നാട്ടിലേക്ക് തിരിച്ചു. കുഞ്ഞതിഥി വരാൻ സന്തോഷത്തോടെ കാത്തിരുന്ന വീട്ടിൽ ഇപ്പോളുയരുന്നത് തേങ്ങലുകൾ മാത്രം. 2019 ഓഗസ്റ്റിലായിരുന്നു മനാലും ആതിഫും വിവാഹിതരായത്.