ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാര്‍ ജോസ് കല്ലുവേലില്‍ – ജോസ് വര്‍ഗീസ് (പി,ആര്‍.ഒ)
(ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി മിസ്സിസ്സാഗ രൂപതയില്‍ നിന്നും പരിശീലനം നേടുന്ന ആദ്യത്തെ കനേഡിയന്‍ മലയാളിയായ ബ്രദര്‍ ഫ്രാന്‍സിസ് സാമുവേല്‍ അക്കരപ്പട്ടിയേയ്ക്കല്‍ പുരോഹിത വസ്ത്രം സ്വീകരിച്ചു .അച്ഛൻറെയും അമ്മയുടെയും പ്രാർത്ഥനയിൽ വിദേശത്തുനിന്ന് പുതിയ തലമുറയുടെ പുതിയ അച്ഛൻ , വിശ്വാസികൾ സന്തോഷത്തിൽ ഒരുപക്ഷേ വരും തലമുറയുടെ മെത്രാനും ആകാം
മാതൃ ഇടവകയായ ടോറോന്റോ സ്കാര്‍ബറോ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ഞായറാഴ്ച്ച അര്‍പ്പിച്ച പ്രത്യേക ദിവ്യബലി മദ്ധ്യേ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ ജോസ് കല്ലുവേലില്‍ പിതാവാണ് ബ്രദര്‍ ഫ്രാന്‍സിസിനു പുരോഹിത വസ്ത്രം സമ്മാനിച്ചത്. പുരോഹിത വസ്ത്രം നൈര്‍മ്മല്യത്തിന്റേയും ജീവിത വിശുദ്ധിയുടെ അടയാളമാണ്. ക്രിസ്തുവിനെ ധരിക്കുന്നതിന്റെയും, ക്രിസ്തുവിന്റെ മുഖമായി തീരുന്ന ന്നതിന്റെയും സൂചനയാണ് ‘ളോവ’ യിലൂടെ ഒരു പുരോഹിതന്‍ ലോകത്തിനു നല്‍കുന്നത് എന്ന് മാര്‍ ജോസ് കല്ലുവേലില്‍ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ബ്രദര്‍ ഫ്രാന്‍സിസിനെയും മാതാപിതാക്കളെയും ഏക സഹോദരനെയും ഹാര്‍ദ്ദമായി അഭിനന്ദിച്ച അദ്ദേഹം, പുതിയ തലമുറയിലെ യുവാക്കള്‍ക്ക് പൗരോഹിത്യത്തിലേക്കുള്ള ഉള്‍വിളിയുണ്ടാകുവാന്‍ ഫ്രാന്‍സിസിന്റെ മാതൃക പ്രചോദനമാകും എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മിസ്സിസ്സാഗ രൂപതയിലെ വൈദികരുടെയും, സന്യസ്തരുടെയും, വിശ്വാസികളുടെയും ആശംസകള്‍ അറിയിച്ചു കൊണ്ട് രൂപതാ വികാരി ജനറല്‍ ഫാ.പത്രോസ് ചമ്പക്കര ഫ്രാന്‍സിസിന്റെ മുന്നോട്ടുള്ള പരിശീലന യാത്രയില്‍ ആവശ്യമായ ജലവും, ലവണങ്ങളും പോഷണവും പ്രാത്ഥനയിലൂടെ നല്‍കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
സ്കാര്‍ബൊറോ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും സ്‌നേഹാദരവുകളും ആശംസകളും പ്രാര്‍ത്ഥനയും ഫ്രാന്‍സിസിന് അര്‍പ്പിച്ച ഫൊറോനാ വികാരി.ഫാ.ജോസ് ആലഞ്ചേരി മാതാപിതാക്കളായ അക്കരപ്പട്ടിയേയ്ക്കല്‍ ജോസഫും പൗളിനും, ലൗകിക ലാഭത്തെക്കുറിച്ചു ചിന്തിക്കാതെ നിശ്ചയ ദാര്‍ഢ്യത്തോടെ മകനു നല്‍കിയ പ്രോത്സാഹനത്തെ പ്രശംസിച്ചു .

മറുപടി പറഞ്ഞ ബ്രദര്‍ ഫ്രാന്‍സിസ്, ദൈവത്തിന്റെ പ്രത്യേകമായ കൃപയും, തന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ഇടവകയിലെ ആത്മീയ കൂട്ടായ്മകളുടെയും, നിരവധി കുടുംബാംഗങ്ങളുടെയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സ്‌നേഹത്തിന്റെയും ശക്തിയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നത് എന്ന് അനുസ്മരിച്ചു. ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുവാനും ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള എല്ലാ അവസരങ്ങളും മടി കൂടാതെ ഉപയോഗപ്പെടുത്തണമെന്ന് യുവാക്കളേയും യുവതികളേയും ബ്രദര്‍ ഫ്രാന്‍സിസ് ഓര്‍മ്മിപ്പിച്ചു.
രൂപതയുടെ വൊക്കേഷന്‍ പ്രൊമോട്ടറും അസോ. വികാരിയുമായ ഫാ.ഡാരീസ് ചെറിയാന്‍ അഭിവന്ദ്യ പിതാവിനെയും, ചാന്‍സലര്‍ ഫാ.ജോണ്‍ മൈലുംവേലിലിനെയും മറ്റു ക്ഷണിതാക്കളെയും സ്വാഗതം ചെയ്യുകയും ബ്രദര്‍ ഫ്രാന്‍സിസിന്റെ പരിശീലന പരിപാടിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ അവതരിപ്പിക്കുകയും ചെയ്തു. ഫാ. ഷാജി തുമ്പേചിറയില്‍ സംഗീത ശുശ്രൂഷക്കു നേതൃത്വം നല്‍കി. പാരിഷ് കൌണ്‍സില്‍ ട്രസ്റ്റി ജോണ്‍ ജോസഫ് നന്ദി അറിയിച്ചു. ട്രസ്റ്റി ബിജോയ് വര്‍ഗീസ് ദേവാലയത്തിലെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.