റോം:കത്തോലിക്കാ സഭാംഗങ്ങള്‍ക്ക് മൃതദേഹം ദഹിപ്പിക്കാമെന്ന് വത്തിക്കാന്‍. വിശ്വാസകാര്യ തിരുസംഘമാണ് ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത് .
മൃതദേഹം ദഹിപ്പിക്കുന്നത് തെറ്റല്ലെന്നും അതു വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസ തിരുസംഘം പ്രീഫെക്ട് കര്‍ദിനാള്‍ ജെറാഡ് മുള്ളര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി
മൃതദേഹം ദഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്‌കാരശുശ്രൂഷകള്‍ നിഷേധിക്കരുതെന്ന് 1983 ലെ കാനോനിക നിയമത്തില്‍ സഭ പറയുന്നു.1990 ലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോനിക നിയമത്തിലും മൃതദേഹം ദഹിപ്പിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മരിക്കുന്ന വ്യക്തി അന്തിമവിധിനാളില്‍ പുനരുത്ഥാനം ചെയ്യുമെന്ന കത്തോലിക്കാ വിശ്വാസത്തിന് എതിരല്ല മൃതദേഹം ദഹിപ്പിക്കുന്നത് എന്നും വത്തിക്കാന്റെ പത്രക്കുറിപ്പില്‍ ഉണ്ട്.
മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ചാരം സെമിത്തേരിയിലോ പള്ളിയിലോ പവിത്രമായി സൂക്ഷിക്കണം. അന്തരീക്ഷത്തിലോ കരയിലോ വെള്ളത്തിലോ ചാരം വിതറരുത്.അത് കുടുംബാംഗങ്ങള്‍ക്കിടയില്‍ വീതം വയ്ക്കുകയോ മെമന്റോ, ലോക്കറ്റുകള്‍ എന്നിവയില്‍ സൂക്ഷിക്കാനോ പാടില്ല. ഇതെല്ലാം കത്തോലിക്ക വിശ്വാസത്തിനെതിരാണ്.മരിച്ചാലും ഒരാള്‍ സഭയിലെ അംഗം തന്നെയാണ്.പത്രക്കുറിപ്പില്‍ പറയുന്നു.
മരിച്ച വ്യക്തി ദൈവത്തിന്റെ അന്തിമവിധിക്കും പുനരുത്ഥാനത്തിനും അര്‍ഹനായതിനാലാണ് മൃതദേഹം സെമിത്തേരിയില്‍ അടക്കുന്നത്.പത്രക്കുറിപ്പില്‍ വത്തിക്കാന്‍ വ്യക്തമാക്കി.
