ചെറുപുഷ്പ മിഷന്‍ ലീഗ് ശാഖ സെമിനാര്‍ സംഘടിപ്പിച്ചു

0
899

ചിക്കാഗോ : ചെറുപുഷ്പ മിഷന്‍ ലീഗ് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ശാഖയുടെ നേതൃത്വത്തില്‍ ക്‌നാനായ റീജിയണിലെ കുട്ടികള്‍ക്കായി “സര്‍വീസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 13 ശനിയാഴ്ച ഉച്ചകഴിഞ് മൂന്നുമണിക്ക് സൂം വഴി സെമിനാര്‍ നടത്തപ്പെട്ടു. ഡെസ്‌പ്ലെയിന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേരീവില്‍ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ കാതറീന്‍ റയനാണ് കുട്ടികള്‍ക്കായി ക്ലാസെടുത്തത്. വളരെ വിജ്ഞാനപ്രദമായ ഈ ക്ലാസ്സില്‍ കുട്ടികളുടെ സജീവ പങ്കാളിത്തം ഉടനീളം ഉണ്ടായിരുന്നു. സര്‍വീസിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇവിടുത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന സേവനമാര്‍ഗ്ഗങ്ങളെ പറ്റിയും സേവനത്തിലൂടെ ഉയര്‍ന്ന മഹത് വ്യക്തികളുടെ കഥകളും ഉള്‍പ്പെടുത്തി പരസ്പരം ആശയവിനിമയം നടത്തി കൊണ്ടുള്ള ക്ലാസ്സ് കുട്ടികളുടെ ശ്രദ്ധ വളരെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരുന്നു. ഏകദേശം നൂറോളം കുട്ടികള്‍ സൂം വഴിയും മറ്റുള്ളവര്‍ യൂട്യൂബ് ലിങ്ക് വഴിയും ക്ലാസില്‍ പങ്കുചേര്‍ന്നു.

തുടക്കത്തില്‍ ക്‌നാനായ റീജിയന്‍ ഇങഘ ഡയറക്ടര്‍ ഫാ.ബിന്‍സ് ചേത്തലില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസന്നിധിയില്‍ തെളിയിച്ച തിരി ക്‌നാനായ റീജിയണിലെ ഇടവകയിലെ ഇങഘ പ്രതിനിധികള്‍ക്ക് കൈമാറിക്കൊണ്ട് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വി. യൗസേപ്പിതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ച ഓണ്‍ലൈന്‍ വീഡിയോ, റിലീസ് ചെയ്തു കൊണ്ട് ‘ സെന്‍റ് ജോസഫ് ഇയര്‍’ സി.എം.എല്‍ കുട്ടികള്‍ക്കായി വികാരി ജനറാല്‍ ഫാ.തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആരംഭിച്ച മീറ്റിങ്ങില്‍ എം.സി ആയി ചിക്കാഗോ സി.എം.എല്‍ യൂണിറ്റ് ട്രഷറര്‍ അലീഷാ കോലടിയില്‍ പരിപാടികള്‍ ക്രോഡീകരിച്ചു. ലെന കുരുട്ടുപറമ്പില്‍ ആലപിച്ച ഈശ്വരഗാനത്തെതുടര്‍ന്ന് പ്രസിഡണ്ട് ജയിംസ് കുന്നശ്ശേരി ഏവര്‍ക്കും സ്വാഗതം പറഞ്ഞു. സെന്‍റ് ജോസഫ് ഇയറിന്റെ പ്രാധാന്യത്തെക്കുറിച്ച് ലളിതമായ രീതിയില്‍ ജോയിന്റ് സെക്രട്ടറി ഐസക് തിരുനെല്ലിപറമ്പില്‍ കുട്ടികളുമായി പങ്കുവെച്ചു. തുടര്‍ന്ന് ഫാ. തോമസ് മുളവനാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇങഘ സെക്രട്ടറി ഫിലിപ്പ് കുട്ടി ആനാലില്‍ ഗസ്റ്റ് സ്പീക്കര്‍ സിസ്റ്റര്‍ കാതറിന്‍ റയാനെ ഏവര്‍ക്കും പരിചയപ്പെടുത്തി. ചിക്കാഗോ സി.എം.എല്‍. യൂണിറ്റ് ഡയറക്ടര്‍ ജോജോ ആനാലില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡണ്ട് അലിഷ വാക്കേല്‍ ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.

ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സെമിനാറിനു ശേഷം ഫാ.ബിന്‍സ് ചേത്തലില്‍ സി.എം.എല്‍ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അനുമോദിക്കുകയും അനുഗ്രഹ ആശിര്‍വാദത്തോടെ മീറ്റിംഗ് സമാപിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍. (പി.ആര്‍.ഒ)