വിശുദ്ധ മരിയ ഗൊരേത്തിയുടെ ശരീരം അഴുകി, പ്രചരിക്കുന്നത് തെറ്റായ ചിത്രം

10
2204

എല്‍സിന്‍ ജോസഫ്‌

മരിയാ ഗൊരേത്തിയുടെ അഴുകാത്ത ശരീരമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം തെറ്റ്. മരിയാ ഗൊരേത്തിയുടെ അഴുകാത്ത ഭൗതീക ശരീരം എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ചില്ലുപേടകത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ മെഴുകുപ്രതിമയുടെ ചിത്രമാണ്. വിശുദ്ധയുടെ അസ്ഥികൂടം ഈ മെഴുകുപ്രതിമക്കുള്ളിലാണ് പൂജ്യമായി സൂക്ഷിച്ചിരിക്കുന്നത്. അതിനാലാണ് വിശുദ്ധയുടെ അഴുകാത്ത ഭൗതീകദേഹം എന്ന തെറ്റിദ്ധരിച്ച് മെഴുകുപ്രതിമയുടെ ചിത്രം പലരും പ്രചരിപ്പിക്കുന്നത്. നിലവിൽ ഒഹിയോയിലെ സെന്റ് ജോസഫ് കത്തീഡ്രലിലാണ് മരിയയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്.

കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി. ഒക്ടോബർ 16, 1890 ജനിച്ച വിശുദ്ധ തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനായും വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായും ജൂലൈ 6, 1902 ൽ തന്റെ പന്ത്രണ്ടാം വയസ്സിൽ രക്തസാക്ഷിയാകുകയായിരുന്നു. വീട്ടിൽ തനിയെ വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയെ സെറിനെല്ലി കുടുംബത്തിലെ അലക്സാണ്ട്രോ തന്റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിക്കുകയും അല്ലാത്ത പക്ഷം കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാൾ അവളെ മാനഭംഗെപ്പടുത്താൻ ശ്രമിച്ചു.

എന്നാൽ അയാൾ ചെയ്യാൻ പോകുന്നത് മരണകരമായ പാപമാണെന്നും നരകത്തിൽ പോകുമെന്നും പറഞ്ഞ് മരിയ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. .ഒടുവിൽ അയാൾക്ക് വഴങ്ങുന്നതിനേക്കാൾ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മരിയയെ അയാൾ പതിനൊന്നു തവണ കഠാര കൊണ്ട് കുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മരിയയെ വീണ്ടും മൂന്നു തവണ അലസ്സാണ്ട്രോ കുത്തി. മുപ്പത് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അലക്സാന്ണ്ട്രോ മാനസാന്തരപ്പെട്ടു.

1947 ഏപ്രിൽ 27ന് മരിയയെ പന്ത്രണ്ടാം പീയൂസ് പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ചടങ്ങിനിടയിൽ പാപ്പ മരിയയുടെ മാതാവിന്റെ ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു ‘അനുഗൃഹീതയായ മാതാവ്, സന്തോഷവതിയായ മാതാവ്, അനുഗൃഹീതയുടെ മാതാവ്’. മൂന്നു വർഷങ്ങൾക്ക് ശേഷം 1950 ജൂൺ 24ന് പന്ത്രണ്ടാം പീയൂസ് പാപ്പ മരിയയെ വിശുദ്ധയായി പ്രഖ്യാപിച്ചു’.

ആ ചടങ്ങിലും മരിയയുടെ അമ്മ പങ്കെടുത്തു. തന്റെ സന്താനത്തെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മാതാവായിരുന്നു അവർ. മരിയയുടെ ജീവിച്ചിരുന്ന നാല് സഹോദരരും അലസ്സാണ്ട്രോയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി.

10 COMMENTS