ചിലരെ ദൈവം തൊടും,ചിലര്‍ ദൈവത്തെ തൊടും രണ്ടിലേതായായാലും ആലപ്പുഴക്കാരുടെ പേടി സ്വപ്നമായിരുന്ന ഇറച്ചി ആല്‍ബി എന്ന കണ്ണില്‍ ചോരയില്ലാത്ത ഗുണ്ട ഇന്ന് ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന നല്ല സമരിയാക്കാരനാണ്.
ക്രൂരഭാവം കണ്ണിലുള്ള തന്നെ കാണുമ്പോള്‍ സ്ത്രീകളും കുട്ടികളും ഭയന്ന് വീട്ടില്‍ കയറി വാതില്‍ അടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ആല്‍ബിക്ക്.ആല്‍ബിയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ പുരുഷന്മാര്‍ പോലും ഭയപ്പെട്ടു.ഇന്ന് തെരുവിലെ മക്കള്‍ക്കായി സ്ഥാപിച്ച ശാന്തിഭവന്‍ എന്ന ആശ്രമത്തിന്റെ അത്താണിയാണ് ആല്‍ബി.
മത്സ്യത്തൊഴിലാളികളായിരുന്ന മാത്യുവിന്റെയും റോസയുടെയും മകനാണ് ആല്‍ബി.പിതാവിന്റെ മരണം വരെ ആല്‍ബി നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനും പരോപകാരിയുമായിരുന്നു.മീന്‍ പിടിക്കാന്‍ പോയ പിതാവ് വലയില്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ആല്‍ബിയും കുടുംബവും വിശ്വസിച്ചത്.എന്നാല്‍ പിതാവിന്റെത് അപകട മരണമല്ല കൊലപാതകമാണെന്ന് മനസ്സിലായതോടെ പിന്നീട് പകരം വീട്ടാനായി ആല്‍ബിയുടെ ശ്രമം.
കോണ്‍സ്റ്റബിള്‍ കരുണാകരന്‍ നായരെ വീട്ടില്‍ കയറി വെട്ടിയതോടെ ആല്‍ബി പോലീസുകാര്‍ക്ക് കണ്ണിലെ കരടായി.പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാനാണ് ആല്‍ബി തൃശൂരിലേക്ക് മുങ്ങിയത്.അവിടെ സമ്പന്നനായ ഒരു വൃദ്ധനെ പരിചരിക്കുന്ന ജോലി ആല്‍ബിക്ക് ലഭിച്ചു.അന്ന് ആ വൃദ്ധനെ നോക്കിയപ്പോള്‍ ലഭിച്ച പരിശീലനമാണ് പിന്നീട് തെരുവിന്റെ മക്കളെ ശുശ്രൂഷിക്കുന്നതിനുള്ള അഗതികളെ പരിചരിക്കുന്നതിനുള്ള ആത്മധൈര്യം ആല്‍ബിക്ക് നല്‍കിയത്.
തന്നോടുള്ള പക തീര്‍ക്കാന്‍ തന്റെ അനുജന്‍ ജേക്കബിനെ അക്രമികള്‍ കൊന്നു എന്ന വാര്‍ത്ത അറിഞ്ഞതോടെ ശാന്തനായിരുന്ന ആല്‍ബി വീണ്ടും പ്രതികാരത്തിന്റെ മൂര്‍ത്തി രൂപമായി മാറി.സഹോദരിയെ അപമാനിച്ച മുഴുമണിയനെ വാളിന് തലങ്ങും വിലങ്ങും വെട്ടി കഷണങ്ങള്‍ ആക്കി കൊണ്ടായിരുന്നു ആ സംഭവത്തിന് ആല്‍ബി മറുപടി പറഞ്ഞത്.രക്തം കണ്ട് അറപ്പ് മാറിയ ആല്‍ബിയെ രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.ആലപ്പുഴയില്‍ ആല്‍ബി ഉള്‍പ്പെടാത്ത ഒരു കേസ് പോലും ഇല്ലെന്ന അവസ്ഥയായി.
എന്നാല്‍ ഈ ക്രൂരതയൊന്നും ആല്‍ബിയുടെ കുടുംബ ജീവിതത്തിന് തടസമായില്ല.വിവാഹിതനായ ആല്‍ബിക്ക് മൂന്നു മക്കള്‍ പിറന്നു.ഭാര്യ മേരിയും മൂന്ന് മക്കളും ആല്‍ബിയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരുന്നു.ശത്രുവിനെ വെട്ടി വീഴ്ത്തി ആ രക്തം മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആല്‍ബിക്ക് ലഹരിയായിരുന്നു.ടേപ്പ് റിക്കോര്‍ഡര്‍ കഴുത്തില്‍ തൂക്കി ‘ബലികൂടീരങ്ങളെ’ എന്ന് പാട്ട് കേള്‍പ്പിച്ചുകൊണ്ടായിരുന്നുവത്രെ ആല്‍ബി ശത്രുവിനെ ഇല്ലാതാക്കാന്‍ പോയിരുന്നത്.
ക്രൂരതയുടെ പര്യായമായ ആല്‍ബി ഒടുവില്‍ തന്റെ സഹോദരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.എന്നാല്‍ മാരകമായി മുറിവേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴും സഹോദരന്‍ ആല്‍ബിയോട് ക്ഷമിച്ചു.തന്നെ വെട്ടി കൊല്ലാന്‍ ശ്രമിച്ചത് ആല്‍ബിയല്ല എന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയതോടെ ആദ്യമായി സ്നേഹമെന്തെന്ന് ആല്‍ബിക്ക് മനസ്സിലായി.
വിതച്ചത് കൊയ്യുമന്നല്ലേ? അത് തന്നെ ഇവിടെയും സംഭവിച്ചു ആല്‍ബിയോട് പക വീട്ടാന്‍ കാത്തിരുന്നവര്‍ തക്ക അവസരം വന്നപ്പോള്‍ പണി കൊടുത്തു.ആല്‍ബിയെ നടുറോഡില്‍ വെട്ടിവീഴ്ത്തിക്കൊണ്ടാണ് അവര്‍ കണക്ക് തീര്‍ത്തത്.അര്‍ദ്ധപ്രാണനായി റോഡില്‍ കിടന്ന് പിടഞ്ഞപ്പോഴും ആല്‍ബി മന:ശക്തി കൈവിട്ടില്ല.രക്തം വാര്‍ന്ന് നടുറോഡില്‍ കിടക്കുന്നത് കണ്ട് നിലവിളിച്ച് ഓടിയടുത്ത ഭാര്യയോട് താന്‍ മരിക്കുകയില്ലെന്നും എങ്ങനെയെങ്കിലും തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആല്‍ബി ആവശ്യപ്പെട്ടു.
തുടര്‍ന്ന് അതുവഴി വന്ന വെളള അംബാസിഡര്‍ കാറില്‍ കയറ്റി മേരി ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു.സങ്കീര്‍ണ്ണമായ ശസ്ത്ര ക്രിയകള്‍ക്ക് ശേഷം വളരെ ദിവസം ആശുപത്രിയില്‍ കിടന്ന ആല്‍ബി പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങി.
പതിനൊന്ന് വര്‍ഷമാണ് ആല്‍ബി വിവിധ കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിച്ചത്. വൈദികരുടെയും ജയില്‍ മിനിസ്ട്രിയുടെയും ഭാര്യയുടെയും മക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുടെയും ഫലമായി ആല്‍ബിയില്‍ അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങി.
തുടര്‍ന്ന് പാപിനിയായ സ്ത്രീയുടെ അവസ്ഥയായിരുന്നു ആല്‍ബിക്ക്. ചെയ്ത തെറ്റിനെ പറ്റി ചങ്ക് പൊട്ടി കരഞ്ഞ് ദൈവത്തോട് മാപ്പിരന്നു.പരോളുകള്‍ ധ്യാനത്തില്‍ സംബന്ധിക്കാനുള്ള കാലയളവുകളായി മാറി. പാപങ്ങള്‍ ഏറ്റുപറഞ്ഞ് തന്നെ തേടിയ തന്റെ കുഞ്ഞിനെ ദൈവം തൊട്ടു.തുടര്‍ന്ന് മനസ്സില്‍ സ്നേഹവും കരുണയും നിറഞ്ഞ ഒരു നല്ല മനുഷ്യനായി ആല്‍ബി മാറി.
എന്നാല്‍ കുറ്റബോധം ആല്‍ബിയെ വേട്ടയാടിക്കൊണ്ടിരുന്നു.പ്രാര്‍ഥനയില്‍ കൂടുതല്‍ അടുത്തത്തോടെ ആല്‍ബിയുടെ സ്വഭാവത്തില്‍ പ്രകടമായ വ്യത്യാസം കണ്ടു തുടങ്ങി.അങ്ങനെ 1997 ല്‍ നല്ല നടപ്പിന്റെ പേരില്‍ ആല്‍ബി ജയില്‍ മോചിതനായി.
ചെയ്തുപോയ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍ ആല്‍ബി തീരുമാനിച്ചത് ആതുരസേവനത്തിലൂടെയായിരുന്നു.ആര്‍ക്കും വേണ്ടാതെ തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരെ കൂട്ടിക്കൊണ്ടുവന്ന് കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം നല്‍കുന്ന ആല്‍ബിയോട് ആദ്യം ഭാര്യയും മക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു.എന്നാല്‍ ദൈവം തന്നെയും അത്തരമൊരു ശുശ്രൂഷയിലേക്ക് ക്ഷണിക്കുകയാണെന്ന് മനസ്സിലായതോടെ എതിര്‍പ്പ് സ്നേഹത്തില്‍ അലിഞ്ഞ് ഇല്ലാതായി.
അങ്ങനെ അശാന്തി വിതച്ചിരുന്ന ആല്‍ബി ശാന്തിഭവന്‍ സര്‍വ്വോദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ തെരുവ് മക്കള്‍ക്കായുള്ള ഒരു അഭയ കേന്ദ്രം സ്ഥാപിച്ചു.ഇന്ന് അവരെ ശുശ്രൂഷിച്ച് അവര്‍ക്കൊപ്പം കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെന്ന് ആല്‍ബി കരുതുന്നു.വചനവും പ്രാര്‍ത്ഥനയുമാണ് ഇറച്ചി ആല്‍ബിയെ ഈശോയുടെ ആല്‍ബിയാക്കി മാറ്റിയതെന്ന് ഭാര്യ മേരി പറയുന്നു.ആല്‍ബിയുടെ ജീവിതകഥ കനല്‍ കിരീടം എന്ന പേരില്‍ സിനിമയായിട്ടുണ്ട്.
