മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

0
102

കൊച്ചി: മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. ആർച്ച് ബിഷപ്പ് ആൻറണി കരിയിലിൻറെ രാജി സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയാണ് അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ നിയമിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെൻറ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു.

അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡൽഹിയിൽനിന്ന് അപ്പസ്‌തോലിക് ന്യൂൺഷോ ആർച്ചുബിഷപ്പ് ലെയോപോൾദോ ജിറേല്ലി മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നൽകിയിരുന്നു. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പിൻറെ സ്ഥാനത്തു തുടർന്നുകൊണ്ടായിരിക്കും മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയിൽ അപ്പസ്‌തോലിക് അഡ്മിനിസ്രടേറ്ററുടെ ചുമതല നിർവ്വഹിക്കുന്നത്.

പൗരസ്ത്യ സഭാനിയമത്തിലെ 234-ാം നമ്പർ കാനൻ അനുസരിച്ചാണ് ‘സേദെ പ്ലേന’ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൻറെ അധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രി നൽകിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തൻ ആർച്ച് ബിഷപ്പായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടരുമ്പോൾത്തന്നെ മാർപാപ്പ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്ന സാഹചര്യത്തെ സൂചിപ്പിക്കുന്ന ലാറ്റിൻ പദമാണ് സേദെ പ്ലേന എന്നത്.

അതിരൂപതയുടെ ഭരണകാര്യങ്ങളിൽ അഡ്മിനിസ്‌ട്രേറ്ററുടെ അധികാരാവകാശങ്ങൾ നിയമനപത്രത്തിൽ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇതിന് മുമ്പ് ഇപ്രകാരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് 2018-ൽ നിയമിതനായിരുന്നു. കുർബാനയുടെ ഏകീകൃത അർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും ആവശ്യമായ സാഹചര്യങ്ങളിൽ നിശ്ചിത കാലഘട്ടത്തിലേക്ക് ഒഴിവു നൽകുന്നതിനെക്കുറിച്ചും നിയമനപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.