വത്തിക്കാൻ സിറ്റി : ലത്തീൻ കാനോൻ നിയമത്തിൽ ഭേദഗതികൾ വരുത്തി ഫ്രാൻസിസ് പാപ്പാ . സ്ത്രീകൾക്ക് ആരാധനാക്രമത്തിൽ കൂടുതൽ പങ്കാളിത്തം അനുവദിക്കുന്നതാണ് പുതിയ ഭേദഗതികൾ.
വിശുദ്ധ കുർബാനയിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം നൽകി ഫ്രാൻസിസ് പാപ്പയുടെ ലത്തീൻ കാനോൻ നിയമ ഭേദഗതി. ഇനിമുതൽ സ്ത്രീകൾക്ക് അൾത്താരശുശ്രൂഷകരും വചന വായനക്കാരും ആകാം. വിശുദ്ധ കുർബാന നൽകാനും അനുമതിയുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ പ്രാദേശിക തലത്തിൽ ബിഷപ്പുമാർ ഇത് അനുവദിച്ചിരുന്നുവെങ്കിലും ആഗോളസഭയിൽ നിയമപരമായ അംഗീകാരം പാപ്പയുടെ പുതിയ ഉത്തരവോടെയാണ്. അതേസമയം പുരോഹിത ശുശ്രൂഷകൾ അനുവദനീയമല്ല. വിവാഹം, മാമ്മോദീസ തുടങ്ങിയ കൂദാശകൾ പരികർമം ചെയ്യാനും മൃതസംസ്‌കാരം നടത്താനും അനുവാദമില്ല എന്നും രേഖ നിർദ്ദേശിക്കുന്നു.
ഫ്രാൻസിസ് പാപ്പാ 2021 ജനുവരി 10ന് ഒപ്പുവച്ച ‘സ്പിരിറ്റസ് ഡൊമിനി'(കർത്താവിന്റെ ആത്മാവ് ) എന്ന അപ്പസ്‌തോലിക ലേഖനത്തലൂടെ ആണ് ഈ നിയമഭേദഗതി വരുത്തിയത്. കാനോൻ നിയമത്തിലെ ഇരുന്നൂറ്റി മുപ്പതാമത്തെ ഖണ്ഡികയിലാണ് ഭേദഗതി. കാനൻ നിയമത്തിലെ ‘ മോത്തു പ്രോപ്രിയ’ അനുസരിച്ച്. ജനുവരി 10ന് ഒപ്പുവച്ച് , 11 നാണ് ഇത് പുറപ്പെടുവിച്ചത്. ആദ്യത്തെ ‘ മോത്തു പ്രോപിയോ ‘ 1484 ൽ ഇന്നസെന്റ് എട്ടാമൻ പാപ്പാ ആയിരുന്നു നടപ്പിലാക്കിയത് . ഫ്രാൻസിസ് പാപ്പാ ഇതുവരെ 34 ‘മോത്തു പ്രോപ്രിയോ’ ആണ് പുറപ്പെടുവിച്ചത്.