ബൊഗോട്ട: പരിശുദ്ധ അമ്മയുടെ ശക്തിയെ സാക്ഷ്യപ്പെടുത്തി കൊളംബിയൻ പ്രസിഡൻറ് ഐവാൻ ഡൂക്ക്. കൊളംബിയയിലെ സാൻ ആൻഡ്രെസ്, പ്രൊവിഡെൻസിയ ദ്വീപുകളെ അമ്മാനമാടിയ അയോട്ട ചുഴലിക്കാറ്റിനു പോലും ഇളക്കുവാനാകാത്ത പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തെ കുറിച്ചാണ് ഐവാൻ ഡൂക്ക പ്രസംഗിച്ചത്.
”അത്ഭുതകരവും, ശക്തവും” എന്നാണ് കൊളംബിയൻ പ്രസിഡന്റ് ഐവാൻ ഡൂക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തെ വിശേഷിപ്പിച്ചത്. ”പ്രിവെൻഷൻ ആൻഡ് ആക്ഷൻ” എന്ന ദൗത്യത്തിന്റെ ഭാഗമായി ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങൾ വിലയിരുത്തുവാനും, പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി
നവംബർ 18ന് സാൻ ആൻഡ്രെസിലെത്തിയപ്പോഴാണ് കൊളംബിയൻ പ്രസിഡന്റ് മാതാവിന്റെ രൂപം സന്ദർശിച്ച് അത്ഭുതത്തെ കുറിച്ച് രാജ്യത്തോട് പ്രസംഗിച്ചത്.
”ആരുടേയും മതവിശ്വാസത്തെ വ്രണപ്പെടുത്താതെ എനിക്ക് വ്യക്തിപരമായ ഒരു സാക്ഷ്യം പറയണം. സാന്താ കാറ്റലിനയിൽ എത്തിയപ്പോൾ ചിലർ എന്നെ ഏറ്റവും ഉയർന്ന ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. അഞ്ചാം കാറ്റഗറിയിൽപ്പെട്ട ഒരു ചുഴലിക്കാറ്റ് പ്രൊവിഡെൻസിയ ദ്വീപിൽ വീശിയടിച്ചിട്ടുപോലും സ്വന്തം പാദത്തിൽ ഉറച്ച് നിൽക്കുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമാണ് അവിടെ എന്നെഅമ്പരപ്പിച്ച കാഴ്ച”. തങ്ങളുടെ ദ്വീപിലെ നിരവധി പേരുടെ ജീവൻ രക്ഷിച്ച മാതാവിന്റെ അത്ഭുത രൂപമാണിതെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.