മറ്റൊരു സിസ്റ്റർ ചർദിച്ച തിരുവോസ്തി ഭക്ഷിച്ചു, മലയാളി സിസ്റ്ററിന് രോഗസൗഖ്യം

0
3072

മറ്റൊരു സിസ്റ്റർ ചർദിച്ച തിരുവോസ്തി കഴിച്ച സിസ്റ്ററിന് അത്ഭുതരോഗസൗഖ്യം. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ മാരിസ് ആന്റോയ്ക്കാണ് ചർദിയിൽ കുളിച്ച ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചതിലൂടെ സർവിക്കൽ സ്പോണ്ടുലോസിസിൽ നിന്ന് പരിപൂർണ്ണ സൗഖ്യം ലഭിച്ചത്.

രോഗിലേപനം സ്വീകരിക്കവെ ക്യാൻസർ രോഗിയായിരുന്ന സി. ബെനീഷ്യ ചർദിച്ച തിരുവോസ്തിയാണ് യാതൊരു അറപ്പും മടിയുമില്ലാതെ ദിവ്യകാരുണ്യ നാഥനോടുള്ള സ്‌നേഹം നിമിത്തം സിസ്റ്റർ മാരിസ് ആന്റോ സ്വീകരിച്ചത്. സിസ്റ്ററിന്റെ ആ സ്‌നേഹത്തിന് ദിവ്യകാരുണ്യനാഥൻ ഒരു സമ്മാനവും നൽകി. വർഷങ്ങളായി സിസ്റ്റർ മാരിസിനെ വേദനിപ്പിച്ചിരുന്ന സർവിക്കൽ സ്പോണ്ടുലോസിസ് രോഗം അവർ തിരുകൈയ്യാൽ തൊട്ടുസുഖപ്പെടുത്തി.

മൂന്ന് വർഷമായി സർവിക്കൽ സ്പോണ്ടുലോസിസ് രോഗം ഉണ്ടായിരുന്ന സിസ്റ്റർ മാരിസ് കോളറിന് ബെൽറ്റിട്ടിട്ടായിരുന്നു  നടന്നിരുന്നത്. രോഗിലേപനവേളയിൽ  സിസ്റ്റർ ബെനീഷ്യ ചർദിച്ച ദിവ്യകാരുണ്യം ആദരവോടെ ഭക്ഷിച്ചതിലൂടെ സി. മാരീസ് ആന്റോ തന്റെ രോഗം പൂർണ്ണമായി സുഖപ്പെട്ടതായി സിസ്റ്റർ പറയുന്നു. കൂടാതെ രോഗം പിടിപെടുന്നതിന് മുമ്പ് ചെയ്തിരുന്ന എല്ലാ ജോലികളും താനിപ്പോൾ ചെയ്യുന്നുണ്ടെന്നും തനിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്നും സിസ്റ്റർ പറഞ്ഞു. കൂടാതെ സ്‌പോണ്ടിലോസിസിന്റെ ചികിത്സാർഥം ധരിച്ചിരുന്ന കോളറും ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് സിസ്റ്റർ വ്യക്തമാക്കി.

മൂന്ന് വർഷമായി സിസ്റ്ററെ ചിക്തിസിച്ചിരുന്ന ഡോക്ടർ സി. റെജി ആലപ്പാട്ടും സിസ്റ്ററുടെ സൗഖ്യത്തെ അത്ഭുതത്തോടെയാണ് കാണുന്നത്. സിസ്റ്റർ മാരീസ് ആന്റോയുടെ ജീവിതത്തിലുണ്ടായ അത്ഭുതം തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്ന് രോഗിലേപനം നൽകിയ പാലക്കാട് ജപമാല റാണി പള്ളി വികാരി ഫാ. അജോ കുറ്റിക്കാടൻ പറഞ്ഞു. ഇപ്പോൾ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ സദാസമയം ലോകത്തിന് വേണ്ടി മാധ്യസ്ഥം യാചിക്കുകയാണ് സിസ്റ്റർ.