വിശുദ്ധകുരിശിനെ അവഹേളിച്ച സംഭവം, പ്രതിഷേധം ശക്തം

0
673

തിരുവമ്പാടി/പൂഞ്ഞാർ: കുരിശിനെ അവഹേളിച്ചതിൽ വ്യാപക പ്രതിഷേധം. കക്കാടംപൊയിൽ വാളംതോട് കുരിശുമലയിലും കോട്ടയം ജില്ലയിൽ പൂഞ്ഞാറിനു സമീപം പുല്ലേപാറ കുരിശടിയിലും വിശുദ്ധ കുരിശിനെ സാമൂഹിക വിരുദ്ധരായ യുവാക്കൾ അപമാനിച്ചതിലാണ് പ്രതിഷേധം പുകയുന്നത്.

പ്രകൃതിഭംഗി ആസ്വാദിക്കാനെന്ന മട്ടിൽ കക്കാടംപൊയിൽ വാളംതോടെത്തിയ സാമൂഹിക വിരുദ്ധർ ഗീവർഗീസ് നഗർ മലമുകളിലെ കുരിശിന്റെ മുകളിൽ കയറി കുരിശിനെ അവഹേളിച്ച് ഫോട്ടോ എടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഇത്തരക്കാരെ നിരവധി തവണ പോലീസ് പിടികൂടിയതായും വിവരമുണ്ട്. എന്നിട്ടും ഇവർ വിശുദ്ധ കുരിശിനെ അപമാനിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നാണ് പരാതി. ഇത്തരക്കാർ സ്ത്രീകളോടു മാന്യതയില്ലാതെ പെരുമാറുകയും ചെയ്യുന്നതായും പരാതിയുണ്ട്. ഇവർകർഷകരുടെ പറമ്പിൽ കയറി കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്യാറുണ്ട്. കക്കാടംപൊയിൽ പള്ളിയുടെ കോമ്പൗണ്ടിലും സെമിത്തേരിയിലും ഇവർ ശല്യം ചെയ്യാറുള്ളതായും വിവരമുണ്ട്.

ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് താമരശേരി രൂപതയും ഇടവകസമൂഹവും വിവിധക്രൈസ്തവ സംഘടനകളും ആവശ്യപ്പെട്ടു.

ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം വിവിധ ക്രൈസ്തവ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവകയുടെയും നേതൃത്വത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തും. താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സമരം ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമരപരിപാടികൾ .