കൊച്ചി: സ്വവർഗ്ഗവിവാഹത്തെ ഫ്രാൻസിസ് പാപ്പ ന്യായീകരിച്ചു എന്ന വാർത്ത വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. ജേക്കബ് ജി. പാലയ്ക്കാപ്പിളളി.
കുടുംബ ജീവിതത്തെക്കുറിച്ചും സ്വവർഗ്ഗ ലൈംഗീകതയെക്കുറിച്ചും കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്നും കെ.സി.ബി.സി വ്യക്തമാക്കി.
”എൽജിബിടി” അവസ്ഥകളിലുള്ളവർ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്‌നേഹവും അവർ അർഹിക്കുന്നുണ്ടെന്നും ഫ്രാൻസിസ് പാപ്പാ ഇതിനുമുൻപും പഠിപ്പിച്ചിട്ടുള്ളതാണ്. വിശ്വാസ തിരുസംഘം 1975-ൽ ലൈംഗീക ധാർമ്മികതയെക്കുറിച്ച് പുറപ്പെടുവിച്ച പ്രബോധനരേഖയിലും സമാനമായ നിലപാടാണ് കത്തോലിക്കാസഭ സ്വീകരിച്ചിട്ടുള്ളത്. സ്വവർഗ്ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവർഗ്ഗ ലൈംഗിക പ്രവൃത്തികളെയും വേർതിരിച്ച് മനസ്സിലാക്കണമെന്നതാണ് സഭയുടെ നിലപാട്.
സ്വവർഗ്ഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്കു കുടുംബത്തിനു തുല്യമായ നിയമപരിരക്ഷ നൽകണമെന്നു മാർപാപ്പ പറഞ്ഞതായി മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണ്. സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാസഭ കരുതുന്നില്ല, എന്നാൽ ഇതിനെ സിവിൽ ബന്ധമായി വിവിധ രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇപ്രകാരം സിവിൽ ബന്ധങ്ങളിൽ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച ”സ്‌നേഹത്തിന്റെ സന്തോഷം” എന്ന (Amoris Latitia). പ്രബോധനരേഖയിൽ പ്രതിപാദിക്കുന്ന അജപാലന ആഭിമുഖ്യമാണ് ഈ വിഷയത്തിൽ മാർപാപ്പായുടെ ഓദ്യോഗിക നിലപാട്.
ഈ നിലപാടിൽ മാർപാപ്പ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്ന് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക ധാർമ്മികതയെക്കുറിച്ച് നാളിതുവരെ സഭ നൽകിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാൻസിസ് പാപ്പ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാർത്തകളിൽ വാർത്തകളിൽ വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും കെസിബിസിയുടെ പ്രസ്താവനയിലുണ്ട്.