ഫ്രാന്‍സിസ് പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന

0
674

റോം: കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പ ആരോഗ്യകാരണങ്ങള്‍ നിമിത്തം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് വിവരം. വത്തിക്കാനിലെ കര്‍ദിനാള്‍മാരുടെ യോഗത്തിലേയ്ക്ക് പുതുതായി 20 പേരെക്കൂടി പാപ്പ നിയമിച്ചതാണ് പാപ്പയുടെ സ്ഥാനത്യാഗം സംബന്ധിച്ച സൂചനകള്‍ക്ക് ശക്തിപകരുന്നത്. ശനിയാഴ്ച ഔദ്യോഗികമായി നിയമിക്കപ്പെടുന്ന 20 കര്‍ദിനാള്‍മാരില്‍ 16 പേര്‍ പാപ്പാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള 80 വയസിനു താഴെ പ്രായമുള്ളവരാണ് എന്നാണ് വിവരം.

ഒരു മാസം മുന്‍പ് കാനഡ സന്ദര്‍ശിച്ചപ്പോള്‍ പാപ്പ സ്ഥാനമൊഴിയുന്നതിനെപ്പറ്റി സൂചന നല്‍കിയിരുന്നു. താന്‍ രാജിവെച്ചാലും അത്ഭുതപ്പെടാനില്ലെന്നും അത്രയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ തന്നെ അലട്ടുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. ദീര്‍ഘമായ വിദേശയാത്രകള്‍ നടത്താന്‍ 85കാരനായ മാര്‍പാപ്പ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

വത്തിക്കാനിലെ കര്‍ദിനാള്‍മാരുടെ യോഗം സാധാരണ ഫെബ്രുവരിയിലിലോ ജൂണിലോ നവംബറിലോ ആണ് നടത്തുക. എന്നാല്‍ ഇത്തവണ ഓഗസ്റ്റ് മാസത്തില്‍ യോഗം നടന്നതും സ്ഥാനത്യാഗവുമായി ബന്ധപ്പെട്ടാണെന്നാണ് വിവരം.