സെപ്റ്റംബറിൽ കസാഖിസ്ഥാനിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും

0
23

സെപ്റ്റംബറിൽ കസാഖിസ്ഥാനിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. വത്തിക്കാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാപ്പ രാജ്യം സന്ദർശിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ കസാഖിസ്ഥാൻ പ്രസിഡന്റ് കസ്യം-ജോമാർട് ടോകായേവ് പറഞ്ഞിരുന്നു. കാനഡയിൽ നിന്നുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് പാപ്പയും ഈ സന്ദർശനത്തിന്റെ കാര്യം സൂചിപ്പിച്ചു. ഈ മദ്ധ്യേഷ്യൻ രാജ്യത്തേക്കുള്ള യാത്ര അത്ര കഠിനമാകില്ലെന്ന പ്രത്യാശയാണ്, തന്റെ ആരോഗ്യപ്രശ്നങ്ങളുടെ വെളിച്ചത്തിൽ പാപ്പാ പങ്കു വച്ചത്.

ഫ്രാൻസിസ് മാർപാപ്പയും മോസ്‌കോ ഓർത്തഡോക്സ് പാത്രിയർക്കീസ് കിറിലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അനുയോജ്യമായ ഒരിടത്തെ കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ കുറെ മാസങ്ങളായി കസാഖ്സ്ഥാനിൽ നടക്കുന്നുണ്ട്. പാത്രിയർക്കീസും മതാന്തരസമ്മേളനത്തിനായി എത്തുമെന്നാണു പ്രതീക്ഷ.

2001 ൽ വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പ കസാഖ്സ്ഥാൻ സന്ദർശിച്ചിരുന്നു. ഈ രാജ്യത്തെത്തുന്ന ആദ്യത്തെ പാപ്പായും അദ്ദേഹമായിരുന്നു.

കസാഖ്സ്ഥാൻ ഒരു മുസ്ലീം ഭൂരിപക്ഷരാജ്യമാണ്. അതു കഴിഞ്ഞാൽ കൂടുതലുള്ളത് റഷ്യൻ ഓർത്തഡോക്സ് ക്രൈസ്തവരാണ്. 20 ശതമാനത്തിലേറെ വരും അവർ. കത്തോലിക്കർ തീരെ ചെറിയ ന്യൂനപക്ഷമാണ്. അഞ്ചു രൂപതകളിലായി രണ്ടര ലക്ഷത്തോളം കത്തോലിക്കരാണുള്ളത്.