പാപ്പ കാനഡയില്‍, രാജ്യത്തിനിത് സ്വപ്‌നസാഫല്യം

0
177

ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയേഴാം വിദേശ അപ്പസ്തോലിക പര്യടനത്തിന് തുടക്കമായി. ഈ ഇരുപത്തിനാലാം തീയതി (24/07/22) ഞായറാഴ്ച രാവിലെ ആരംഭിച്ച ഈ ഇടയസന്ദർശനത്തിൻറെ വേദി കാനഡയാണ്. തീയതികൾ വച്ചു കണക്കാക്കുമ്പോൾ സപ്തദിന സന്ദർശനം എന്നു പറയാവുന്ന ഈ യാത്ര മുപ്പതാം തീയതി ശനിയാഴ്ച (30/07/22) സമാപിക്കും. കൃത്യമായി പറയുകയാണെങ്കിൽ പാപ്പായുടെ ഈ അജപാലനസന്ദർശനത്തിൻറെ ദൈർഘ്യം 5 ദിവസവും 22 മണിക്കൂറും 50 മിനിറ്റും ആണ്. ഈ യാത്രയിൽ പാപ്പാ, വ്യോമ കര മാർഗ്ഗങ്ങളിലൂടെ 19246 കിലോമീറ്റർ ദൂരം സഞ്ചരിക്കും, ഒമ്പത് പ്രഭാഷണങ്ങൾ നടത്തും.    1984,1987,2002 എന്നീ വർഷങ്ങളിലായി മൂന്നു തവണ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ പാദസ്പർശമേല്ക്കാൻ ഭാഗ്യം സിദ്ധിച്ച കാനഡയിൽ ഫ്രാൻസീസ് പാപ്പാ എത്തുന്നത് ഇത് നടാടെയാണ്.

അനുതാപ തീർത്ഥാടനം

ഇക്കഴിഞ്ഞ പതിനേഴാം തീയതി ഞായറാഴ്ച (17/07/22) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസീസ് പാപ്പാ തൻറെ കാനഡ സന്ദർശനത്തിൻറെ സാരസംഗ്രഹം എന്തെന്ന് ദ്യോതിപ്പിക്കും വിധം  ഈ യാത്രയെ വിശേഷിപ്പിച്ചത് “അനുതാപതീർത്ഥാടനം” എന്നാണ്.  പാപ്പാ തദ്ദവസരത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

കാനഡയിലെ പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങൾക്കറിയാവുന്നതുപോലെ, തദ്ദേശീയരായ ജനങ്ങളെ കാണാനും ആശ്ലേഷിക്കാനും, സർവ്വോപരി, യേശു നാമത്തിലാണ് ഞാൻ നിങ്ങളുടെ ഇടയിലേക്കു വരിക. നിർഭാഗ്യവശാൽ, കാനഡയിൽ, സന്ന്യസ്തസമൂഹങ്ങളിലെ ചില അംഗങ്ങൾ ഉൾപ്പെടെ നിരവധി ക്രിസ്ത്യാനികൾ സാംസ്കാരിക സാത്മീകരണ നയങ്ങൾക്ക് സംഭാവനയേകിയിട്ടുണ്ട്, ഈ നയങ്ങൾ മുൻകാലങ്ങളിൽ തദ്ദേശീയ സമൂഹങ്ങളെ ഗുരുതരമാംവിധം ദോഷകരമായി ബാധിച്ചു. ഇക്കാരണത്താലാണ് ഞാൻ, ഈയിടെ തദ്ദേശീയജനതയുടെ പ്രതിനിധികളുടെ ഒരു സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ അവരോട്, ആ ജനത അനുഭവിച്ച തിന്മകളെയോർത്ത് എൻറെ വേദനയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചത്. ഇപ്പോൾ ഞാൻ ഒരു പശ്ചാത്താപ തീർത്ഥാടനം നടത്താൻ പോകുകയാണ്, അത്, ദൈവകൃപയാൽ ഇതിനകം തുടക്കം കുറിച്ചിട്ടുള്ള, സൗഖ്യത്തിൻറെയും അനുരഞ്ജനത്തിൻറെയും പ്രയാണത്തിന് സംഭാവന ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. എല്ലാ ഒരുക്കങ്ങൾക്കും നിങ്ങൾ എനിക്കായി കരുതിവച്ചിരിക്കുന്ന സ്വാഗതത്തിനും ഞാൻ മുൻകൂട്ടി നന്ദി പറയുന്നു. എല്ലാവർക്കും നന്ദി! ഒപ്പം പ്രാർത്ഥനയാൽ എന്നെ അനുഗമിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

കാനഡയിൽ സർക്കാരിൻറെ സാമ്പത്തികസഹായത്തോടെ കത്തോലിക്കാസഭ നടത്തിയ വിദ്യാലയങ്ങളിൽ, അതായത്, വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റെസിഡെൻഷ്യൽ വിദ്യാലയങ്ങളിൽ, തദ്ദേശിയരായ കുട്ടികളെ നിർബന്ധിച്ചു ചേർത്തതും അവർക്ക് അവരുടെ സാംസ്കാരികതനിമ നിഷേധിക്കപ്പെട്ടതും ദുരനുഭവങ്ങൾക്ക് വിധേയരാകേണ്ടിവന്നതുമായ സംഭവങ്ങളിൽ മാപ്പു ചോദിക്കുകയും ചെയ്തിട്ടുള്ള പാപ്പായുടെ ഈ വാക്കുകളിൽ തെളിയുന്നത് സഭാംഗങ്ങളുടെയും പ്രമാദപരമായ പ്രവർത്തികളാൽ കാനഡയിലെ തദ്ദേശീയ ജനത അനുഭവിക്കേണ്ടിവന്ന യാതനകളിലുള്ള വേദനയും അതിന് പരിഹാരം ചെയ്യാൻ സഭയ്ക്കുള്ള കടമയും ഈ പരിഹാര പാതയിൽ സഭ പാദമൂന്നിയിരിക്കുന്നു എന്ന പരാമാർത്ഥവും ആണ്. ആകയാൽ ഈ സന്ദർശനത്തിലൂടെ പാപ്പാ എന്താണൊ ലക്ഷ്യം വയ്ക്കുന്നത് അത് സഫലീകൃതമാകുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

യാത്രയ്ക്ക് തുടക്കമായി 

ഇരുപത്തിനാലാം തീയതി ഞായറാഴ്‌ച (24/07/22) പ്രാദേശിക സമയം രാവിലെ 8 മണി കഴിഞ്ഞപ്പോൾ, ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിലെ തൻറെ വാസയിടമായ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിൽ നിന്ന് 29 കിലോമീറ്റർ അകലെ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു യാത്രയായി. റോമിലെ ഈ വിമാനത്താവളത്തിൽ നിന്നായിരുന്നു പാപ്പാ കാനഡയിലേക്ക് വിമാനം കയറിയത്. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട്, വ്യോമയാനം റോമിലെ സമയം രാവിലെ 9.15-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.45-ന്, കാനഡയിലെ എഡ്മണ്ടൻ രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു. ലക്ഷ്യസ്ഥാനത്തേക്കുള്ള 8430 കിലോമീറ്റർ വ്യോമദൂരം പിന്നിടുന്നതിന് 10 മണിക്കൂറും 20 മിനിറ്റുമെടുത്തു.. എഡ്മണ്ടൻ സമയത്തിൽ ഇന്ത്യയെക്കാൾ 11 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. കാനഡയിൽ തന്നെ വിവിധ പ്രദേശങ്ങൾ തമ്മിലും സമയവിത്യാസം ഉണ്ടെന്നതും നാം ഓർക്കണം.

കാനഡ

വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന കാനഡ,  റഷ്യ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. 99 ലക്ഷത്തി 70610 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഭാരതത്തിൻറെ മൂന്നിരട്ടിയിലേറെ വരും ഇത്. ഇന്ത്യയുടെ വിസ്തൃതി 32 ലക്ഷത്തി 87263 ചതുരശ്ര കിലോമീറ്റർ ആണ്.  ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വിസ്തൃതിയിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും കാനഡയുടെ തൊട്ടടുത്തുള്ള അമേരിക്കൻ ഐക്യനാടുകളെ അപേക്ഷിച്ച് ജനവാസം കുറവാ‍ണ് അവിടെ. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസയോഗ്യമല്ലാതായിരിക്കുന്നതാണ് ഇതിനു കാരണം.

ജനങ്ങളും ഭാഷകളും

കാനഡയിലെ ജനസംഖ്യ മൂന്നു കോടി എൺപത്തിയാറുലക്ഷത്തി അമ്പത്തിനാലായിരത്തി എഴുന്നുറ്റിമുപ്പത്തിയെട്ട് (38,654,738) മാത്രമാണ്. കേരളത്തിലെ ജനസംഖ്യയെ അപേക്ഷിച്ച് അല്പം കൂടുതൽ. നമ്മുടെ കൊച്ചു കേരളത്തിലെ നിവാസികളുടെ എണ്ണം 3 കോടി 53 ലക്ഷത്തി 30,888 ആണല്ലോ, (35,330,888). കാനഡയിലെ ജനസാന്ദ്രതയാകട്ടെ ഒരു ചതുരശ്ര കിലോമീറ്ററിൽ 4 ആളുകൾ എന്ന നിരക്കിലാണ്.

കാനഡയിലെ ജനങ്ങളുടെ ഭാഷയെപ്പറ്റി പറയുകയാണെങ്കിൽ ഔദ്യോഗിക ഭാഷകൾ രണ്ടാണ്, ഇംഗ്ലീഷും ഫ്രഞ്ചും. അന്നാട്ടിലെ ജനങ്ങളിൽ 56 ശതമാനം പേർ ആംഗല ഭാഷയും 21 ശതമാനം പേർ ഫ്രഞ്ചും മാതൃഭാഷയായി ഉപയോഗിക്കുന്നു.

2016 ലെ ഒരു കണക്കനുസരിച്ച് വെറും 73 ലക്ഷത്തിലധികം കാനഡക്കാർ ഔദ്യോഗിക ഭാഷയല്ലാത്ത ഒരു ഭാഷ അവരുടെ മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ളവരാണ്. ഔദ്യോഗിക ഭാഷകളല്ലാത്തവയിൽ ചൈനീസ് (1,27,680), പഞ്ചാബി (5,01,680), സ്പാനിഷ് (4,58,850), തഗലോഗ് (4,31,385), അറബിക് (4,19,895), ജർമ്മൻ (3,84,040), ഇറ്റാലിയൻ (3,75,645) എന്നിവ ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങൾ ചേർന്ന ഫെഡറൽ രാജ്യമായ കാനഡയുടെ കേന്ദ്ര ഭരണകൂടം ഔദ്യോഗികമായി ദ്വിഭാഷ ഉപയോഗിക്കുന്നു. ഫെഡറൽ കോടതികളിലും പാർലമെൻറിലും എല്ലാ ഫെഡറൽ സ്ഥാപനങ്ങളിലും ഇംഗ്ലീഷിനും ഫ്രഞ്ചിനും തുല്യപദവിയുണ്ട്. മതിയായ ആവശ്യം ഉള്ളിടത്ത് ഫെഡറൽ സർക്കാർ സേവനങ്ങൾ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ സ്വീകരിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. ഇതുകൂടാതെ, കാനഡയിൽ പല ആംഗ്യഭാഷകളും നിലനിൽക്കുന്നുണ്ട്, അവയിൽ ചിലത് തദ്ദേശീയമാണ്.

ജനവിഭാഗങ്ങൾ

കാനഡയിലെ ജനങ്ങളിൽ 84 ശതമാനവും വെളുത്ത വർഗ്ഗക്കാരാണ്. 10 ശതമാനം ഏഷ്യക്കാരും 4 ശതമാനം ആദിമജനവിഭാഗവുമാണ്. കാനഡയിലെ മുഖ്യ ആദിമജനവിഭാഗങ്ങൾ മൂന്നാണ്, അവ മേത്തിസ്-Metis,  ഇനുയിത്ത്-Inuit, പ്രഥമദേശങ്ങൾ – First Nations എന്നിങ്ങനെ അറിയപ്പെടുന്നു.

മതവിഭാഗങ്ങൾ

മതപരമായി നോക്കുമ്പോൾ 64 ശതമാനവും ക്രൈസ്തവരാണ്. ഇവരിൽ 44 ശതമാനം കത്തോലിക്കരും 20 ശതമാനം പ്രൊട്ടസ്റ്റൻറുകാരുമാണ്. മുസ്ലിംങ്ങളുടെ  സംഖ്യ 3 ശതമാനമാണ്. ജൂതന്മാർ, ബുദ്ധമതക്കാർ ഹിന്ദുക്കൾ എന്നിവർ 1% വീതവുമാണ്. മതവിഭാഗങ്ങളിൽ പെടാത്തവരുടെ എണ്ണം 24 ശതമാനവും.

ഭൂപ്രകൃതി 

വടക്കുപടിഞ്ഞാറും തെക്കും അമേരിക്കൻ ഐക്യനാടുകളും വടക്ക് ഹിമക്കടലായ ഗ്ലേഷ്യൽ ആർട്ടിക്ക് സമുദ്രവും കിഴക്ക് അറ്റ്ലാൻറിക് സമുദ്രവും പടിഞ്ഞാറ് പസഫിക് സമുദ്രവും കാനഡയ്ക്ക് അതിർത്തികൾ കുറിക്കുന്നു.

സംസ്ഥാനങ്ങളും ഭരണവും

ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൌണ്ട്‌ലാൻഡ് ആൻഡ് ലബ്രാഡൊർ, നോവാ സ്കോഷ്യ, ഒൻറാറിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്, സസ്കാച്വാൻ എന്നീ പത്തു സംസ്ഥാനങ്ങളും നൂനവുട്, വടക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ, യുകോൺ എന്നീ മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നതാണ് കാനഡ. സംസ്ഥാനങ്ങൾക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വയംഭരണാധികാരമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സാമുഹ്യക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിൻറെ വരുമാനത്തേക്കാൾ കൂടുതലാണ്. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സർക്കാരിന് പ്രത്യേക നിയമ നിർമ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാവുന്നതാണ്. എന്നാൽ ഇത്തരം കേന്ദ്രനിയമങ്ങൾ തള്ളിക്കളയാനും സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. അപൂർവ്വമായേ അപ്രകാരം സംഭവിക്കുന്നുള്ളൂ എന്നുമാത്രം.  എല്ലാ സംസ്ഥാനങ്ങൾക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവൻ പ്രീമിയർ എന്നറിയപ്പെടുന്നു. പ്രീമിയർ എന്ന പദത്തിൻറെ വിവക്ഷ പ്രധാനമന്ത്രി എന്നാണെങ്കിലും കാനഡയുടെ പ്രധാനമന്ത്രിയായി തെറ്റിദ്ധരിക്കപ്പെടാതിരിക്കുന്നതനാണ് സംസ്ഥാന ഭരണത്തലവന്മാരെ പ്രീമിയർ എന്ന് വിളിക്കുന്നത്. കാനഡയുടെ ഭരണഘടനയനുസരിച്ച് ബ്രിട്ടൻറെ രാജാവോ രാാജ്ഞിയോ കാനഡയുടെ രാജാവോ രാജ്ഞിയോ ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആകയാൽ രണ്ടാം എലിസബത്ത് രാജ്ഞിയാണ് ഇപ്പോൾ കാനഡയുടെ രാജ്ഞി. രാജ്ഞിയുടെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങൾക്കും ലെഫ്റ്റനൻറ് ഗവർണർമാരും ഉണ്ട്.  എലിസബത്ത് രജ്ഞിയെ പ്രതിനിധാനം ചെയ്യുന്നത് ഗവർണ്ണർ ജനറാലണ്. ശ്രിമതി മേരി മെയ് സൈമൺ ആണ് ഇപ്പോഴത്തെ ഗവർണ്ണർ ജനറൽ. ഭരണ നേതൃത്വം വഹിക്കുന്നത് പ്രധാനമന്ത്രിയാണ്. ജസ്റ്റിൻ ത്രുദേവു ആണ് പ്രധാനമന്ത്രി. 

പദോത്പത്തി                       

കാനഡ എന്ന പദത്തിൻറെ ഉല്പത്തിയെക്കുറിച്ച് ചിന്തിച്ചാൽ “ഗ്രാമം” അല്ലെങ്കിൽ “കുടിയേറ്റകേന്ദ്രം” എന്ന അർത്ഥംവരുന്ന സെൻറ് ലോറൻസ് ഇറോക്വിയൻ പദമായ “കനാറ്റയിൽ” നിന്നാണ് ഈ പേരിൻറെ ഉത്ഭവമെന്നതാണ് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിൻറെ പ്രാരംഭംവരെള്ള കാലത്ത് “കാനഡ” എന്ന പദം സെൻറ് ലോറൻസ് നദിക്കരയിലുടനീളമുള്ള ന്യൂ ഫ്രാൻസിൻറെ ഭാഗത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നു. 1791-ൽ ഈ പ്രദേശം അപ്പർ കാനഡ എന്നും ലോവർ കാനഡ എന്നും വിളിക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് കോളനികളായി പരിവർത്തനം ചെയ്യപ്പെട്ടു. 1841-ൽ കാനഡയിലെ ബ്രിട്ടീഷ് പ്രവിശ്യയായി അവ ലയിപ്പിക്കപ്പെട്ടു. 1867-ൽ ബ്രിട്ടീഷ് വടക്കെ അമേരിക്കയിലെ മൂന്ന് കോളനികൾ ചേർന്ന് ഡൊമിനിയൻ എന്ന പേരിൽ കനേഡിയൻ ഫെഡറേഷൻ ജനിച്ചു. അക്കൊല്ലംതന്നെ കോൺഫെഡറേഷനായ ശേഷം, ലണ്ടൻ കോൺഫറൻസിൽവച്ച് കാനഡ എന്നത് പുതിയ രാജ്യത്തിൻറെ ഔദ്യോഗിക നാമമായി സ്വീകരിക്കപ്പെട്ടു. പിന്നീട് ഡൊമിനിയൻ എന്ന പേര് മാറ്റി. ലോകത്തിലെ ഏറ്റം സമ്പന്നമായ രാഷ്ട്രങ്ങളിൽ ഒന്നായ കാനഡ ജന-മത-സാംസ്കാരിക വൈവിധ്യത്താലും സമ്പന്നമാണ്. അതുപോലെതന്നെ വികസന സൂചികയും വളരെ ഉയർന്നു നില്കുന്നു. 2020 ലെ കണക്കനുസരിച്ച് മാനവപുരോഗതിയിൽ കാനഡ പതിനാറാം സ്ഥാനത്തുണ്ട്. സാക്ഷരത, രാഷ്ട്രീയ സുതാര്യത, ജീവിത നിലവാരം പൗര,സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയുടെ കാര്യത്തിലും കാനഡ മുൻ നിരയിലുണ്ട്.

കാനഡയിലെ കത്തോലിക്കാസഭ

പതിനാറാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ എത്തിയതിനു ശേഷമാണ് കാനഡയിൽ കത്തോലിക്കാ വിശ്വാസത്തിൻറെ വിത്തു വിതയ്ക്കപ്പെട്ടത്., പര്യവേക്ഷകനായ ഷാക് കാർത്യെയ്ക്കൊപ്പമുണ്ടായിരുന്ന ഒരു ഫ്രഞ്ച് പുരോഹിതൻ 1534 ജൂലൈ 7-ന്, അന്നത്തെ ന്യൂ ഫ്രാൻസിലെ ഗാസ്‌പെ ഉപദ്വീപിൻറെ കടൽത്തീരത്ത് ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിച്ചു. 1608-ൽ ക്യൂബെക്ക് നഗരവും 1642-ൽ ഇപ്പോൾ മോൺട്രിയൽ ആയ വില്ലെ മരീയും സ്ഥാപിക്കപ്പെട്ടതോടെ കോളണിവൽക്കരണം ആരംഭിച്ചപ്പോൾ പല ഫ്രഞ്ച് സന്ന്യാസീസന്ന്യാസിനീ സമൂഹങ്ങളും അവിടേയക്ക് പ്രേഷിതരെ അയയ്ക്കാൻ തുടങ്ങി. അവർ കാനഡയിലെ തദ്ദേശീയരായ ജനങ്ങൾക്കിടയിൽ തീവ്രമായ പ്രേഷിത പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഈശോസഭയാണ് ഈ പ്രേഷിത പ്രവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ചത്.

കത്തോലിക്കാസഭയുടെ വളർച്ച

പതിനെട്ടാം നൂറ്റാണ്ടിൻറെ മദ്ധ്യത്തോടെ കാനഡയിൽ നടന്ന ഇംഗ്ലീഷ് അധിനിവേശം കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം അതിലോലമായ ഒരു ഘട്ടമായിരുന്നു. എന്നിരുന്നാലും, തുടക്കത്തിലനുഭവപ്പെട്ട ബുദ്ധിമുട്ടുകൾക്ക് ശേഷം, പൗര സഹവർത്തിത്വത്തിലേക്കുള്ള പാത അതിവേഗമായിരുന്നു, പത്തൊൻപതാം നൂറ്റാണ്ടിൻറെ പൂർവ്വാർദ്ധത്തിൽ ഇംഗ്ലണ്ടിൽ കത്തോലിക്കരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടത് ഇതിന് സഹായകമായി. ആംഗലഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിൽ കത്തോലിക്കാവിശ്വാസത്തിൻറെ വ്യാപനം ഇത് എളുപ്പമാക്കിത്തീർത്തു. 1841-ൽ, ആക്ട് ഓഫ് യൂണിയൻ കാനഡയിലെ കത്തോലിക്കാസഭയ്ക്ക് പൂർണ്ണമായ നൈയമിക അംഗീകാരം നൽകി. അങ്ങനെ നിരവധി സമർപ്പിതജീവിത സമൂഹങ്ങൾ അവിടെ ജന്മം കൊണ്ടു. കാനഡയിൽ കത്തോലിക്കാസഭയുടെ വളർച്ചയ്ക്ക് പൗരസ്ത്യസഭകളും വളരെയേറെ സംഭാവനയേകിയിട്ടുണ്ട്. പ്രത്യേകിച്ച് കാനഡയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ. അവിടങ്ങളിൽ കിഴക്കെ യൂറോപ്പിൽ നിന്ന്, വിശിഷ്യ ഉക്രയിനിൽ നിന്നുള്ള കുടിയേറ്റം അതിശക്തമായിരുന്നു. ഇന്ന് കാനഡയിലുള്ള പൗരസ്ത്യ സഭകളിൽ ഏറ്റവും വലുത് ഉക്രേനിയൻ കത്തോലിക്കാസഭയാണ്. കൂടാതെ സ്ലൊവാക്യൻ, അർമേനിയൻ, ഗ്രീക്ക്മെൽക്കൈറ്റ്, മാറോണീത്ത, കൽദായ, സീറോമലബാർ, സീറോമലങ്കര സഭകളും ഇന്ന് കാനഡയിൽ സജീവമാണ്. പാലാ രൂപതയിൽപ്പെട്ട തോട്ടുവയിൽ ജനിച്ച , ഇന്ന്, പാലക്കാട് രൂപതാംഗമായ മാർ ജോസ് കല്ലുവേലിൽ ആണ് കാനഡയിൽ സീറോമലബാർ സഭയുടെ അദ്ധ്യക്ഷൻ. അദ്ദേഹം മിസിസാവ്ഗ രൂപതയുടെ മെത്രാനാണ്. 

വിശ്വാസത്തിനുയരുന്ന വെല്ലുവിളികൾ 

ലൗകികവത്ക്കരണത്തിൻറെ വെല്ലുവിളിയും, സങ്കീർണ്ണതയും മതപരവും വംശീയവും സാംസ്കാരികവുമായ ബഹുസ്വരതയും കാനഡയിൽ ശക്തമാണ്. വാസ്‌തവത്തിൽ, 1960-കൾ മുതൽ വിശ്വാസികൾ സഭയിൽ നിന്ന് പുരോഗമനപരമായ വീക്ഷണത്തിലൂന്നി അകലം പാലിക്കുന്ന പ്രവണത പ്രബലമായി. പ്രത്യേകിച്ച് ഒൻറാറിയോയിലും കാനഡയിലെ കത്തോലിക്കാ സഭയുടെ പിള്ളത്തൊട്ടിലായ  ക്യുബെക്കിലും, ദൈവവിളികളുടെ കുറവും പ്രകടമാണ്. ഈ പ്രവിശ്യയിലെ സഭയ്ക്ക് ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ അത് വഹിച്ചിരുന്ന മതപരവും സാംസ്കാരികവുമായ സ്വാധീനം ഇന്ന് നഷ്ടമായിരിക്കുന്നു. ഇതിനു തെളിവാണ് വിദ്യഭ്യാസ സമ്പ്രദായത്തിലുണ്ടായിട്ടുള്ള പരിണാമം, അത് കത്തോലിക്കാ പ്രബോധനത്തിനു വിപരീതമായി വർദ്ധിച്ചുവരുന്ന ലൗകികവത്കരണ ഭാവവും മറ്റ് രാഷ്ട്രീയ ശൈലികളും സ്വീകരിച്ചു. കാനഡ, ഒരു പക്ഷേ, സാമൂഹികവും സാംസ്കാരികവും നൈയമികവുമായ നൂതന രൂപങ്ങൾ പരീക്ഷിക്കുന്ന പാശ്ചാത്യ സമൂഹങ്ങൾക്കിടയിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന യാഥാർത്ഥ്യമായിരിക്കും.

കത്തോലിക്കാ സഭയുടെ പ്രതിബദ്ധത

കാനഡയിലെ കത്തോലിക്കാസഭ ഇന്ന് അതീവപ്രാധാന്യമർഹിക്കുന്ന വിശ്വശാന്തി, പരിസ്ഥിതി പരിപാലനം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും അതിൻറെ പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. അതുപോലെതന്നെ, യൂറോപ്യൻ കോളണിവല്ക്കരണത്തിൻറെ തിക്തതയനുഭവിക്കുന്ന അന്നാട്ടിലെ തദ്ദേശീയജനതയുടെ, അതായത് ഫസ്റ്റ് നേഷൻസ്, ഇനുയിത്ത്, മേത്തിസ് എന്നീ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള യത്നത്തിലും കത്തോലിക്കാ സഭ അനുതാപഹൃദയത്തോടെ പങ്കുചേരുകയും മുൻകൈയ്യെടുക്കുകയും ചെയ്യുന്നു.

പ്രാദേശിക സഭാഘടന

കാനഡയിലെ കത്തോലിക്കാസഭ വിവിധ റീത്തുകളാൽ സമ്പന്നമാണ്. ലത്തീൻ റീത്തിൻറെ കീഴിൽ 18 അതിരൂപതകളും 54 സാമന്തരൂപതകളും ഉണ്ട്. കൂടാതെ സീറോമലബാർ കത്തോലിക്കാസഭയുൾപ്പടെ 6 പൗരസ്ത്യകത്തോലിക്കാസഭാ ഭരണപ്രദേശങ്ങളും അവിടെയുണ്ട്. മിസിസാവുഗയാണ് സീറോമലബാർ രൂപതാസ്ഥാനം. കൽദായ കത്തോലിക്കാ രൂപത, മാറൊണീത്താ കത്തോലിക്കാ രൂപത, മെൽക്കൈറ്റ് കത്തോലിക്കാ രൂപത, സിറിയൻ കത്തോലിക്കാ എക്സാർക്കേറ്റ്, സ്ലൊവാക്യൻ കത്തോലിക്കാ എക്സാർക്കേറ്റ് എന്നീ ഇതര അഞ്ചു പൗരസ്ത്യകത്തോലിക്കാസഭാ ആസ്ഥാനങ്ങളും കാനഡയിൽ ഉണ്ട്. അതുപോലെതന്നെ അന്നാട്ടിലുള്ള സീറോമലങ്കരകത്തോലിക്കാ വിശ്വാസികളുടെ അജപാലനസേവനത്തിനായി അമേരിക്കൻ ഐക്യനാടുകൾക്കും കാനഡയ്ക്കും വേണ്ടിയുള്ള സീറോമലങ്കര കാത്തോലിക് എപ്പാർക്കിയുടെ അധികാര സീമയും കാനഡയിലേക്കു വ്യാപിച്ചിരിക്കുന്നു. മലങ്കരകത്തോലിക്കാ സഭയ്ക്കു പുറമെ ഇത്തരത്തിലുള്ള ഇതര രണ്ടു കത്തോലിക്കാ എപ്പാർക്കികളുമുണ്ട്. റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാസഭാ എപ്പാർക്കിയും അർമേനിയൻ കത്തോലിക്കാസഭാ എപ്പാർക്കിയുമാണവ.  കാനഡയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഖ്യ 134 ആണ്. 3881 ഇടവകകളുള്ള കാനഡയിലെ കത്തോലിക്കാസഭയിലെ രൂപതാവൈദികരുടെ എണ്ണം 4100-ലേറെയും സന്ന്യസ്തവൈദികരുടെ സംഖ്യ 2100-ൽപ്പരവുമാണ്. 1200-ലേറെ സ്ഥിരശെമ്മാശ്ശന്മാരും, ആയിരത്തിലേറെ സന്ന്യസ്തസഹോദരരും 9600-ൽപ്പരം സന്ന്യാസിനികളും പ്രാദേശികസഭയിൽ പ്രവർത്തനനിരതരാണ്. അന്നാട്ടിലെ കത്തോലിക്കാസഭയുടെ കീഴിലുള്ള വിദ്യഭ്യാസസ്ഥാപനങ്ങൾ 2675-ഉം ഉപവിപ്രവർത്തന സാമൂഹ്യസേവന കേന്ദ്രങ്ങൾ 435-ഉം ആണ്.

മെത്രാൻ സംഘം

കാനഡയിലെ കത്തോലിക്കാ മെത്രാൻ സംഘം- സിസിസിബി (Canadian Conference of Catholic Bishops – CCCB) 1943-ൽ രൂപംകൊണ്ടതാണ്. അന്നാട്ടിലെ ലത്തീൻ രൂപതകളുടെയും പൗരസ്ത്യകത്തോലിക്കാരൂപതകളുടെയും മെത്രാന്മാർ ഇതിൽ അംഗങ്ങളാണ്. ഒട്ടാവയിലാണ് മെത്രാൻസംഘത്തിൻറെ കാര്യാലയാസ്ഥാനം. മെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷസ്ഥാനം ഇംഗ്ലീഷ് ഫ്രഞ്ചു ഭാഷാ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ  രണ്ടു വർഷം കൂടുമ്പോൾ മാറി മാറി വരുന്നു. ഇപ്പോൾ തൽസ്ഥാനം അലങ്കരിക്കുന്നത് ഫ്രഞ്ചുഭാഷക്കാരനായ ബിഷപ്പ് റെയ്മണ്ട് പൊയസ്സൊണും ഉപാദ്ധ്യക്ഷൻ ആംഗലഭാഷക്കാരനായ വില്ല്യം ടെറെൻസ് മാക്ഗ്രാട്ടനും ആണ്.

കാനഡയിൽ കോളണിവാഴ്ചയുടെ ഭീകരതയേല്പ്പിച്ച ആഴമേറിയ മുറിവുകൾ പേറുന്ന തദ്ദേശീയജനവിഭാഗവുമായുള്ള കൂടിക്കാഴ്ചയ്ക്കും അവരോടുള്ള ഐക്യദാർഢ്യപ്രകടനത്തിനും അവരുടെ ചാരെ ആയിരിക്കുന്നതിനും അവരോടൊപ്പം പ്രാർത്ഥിക്കുന്നതിനും “പശ്ചാത്താപ തീർത്ഥാടനം” ആയി ഫ്രാൻസീസ് പാപ്പാ ആരംഭിച്ചിരിക്കുന്ന ഈ സന്ദർശനം ശുഭപര്യവസായിയാകുന്നതിന് നമുക്ക് പ്രാർത്ഥനയാൽ പാപ്പായെ അനുഗമിക്കാം.