വൈദികൻ വെടിയേറ്റ് മരിച്ചു

0
790

കോജെഡെസ്: കൊള്ളക്കാരിൽ നിന്ന് ഇടവകാംഗത്തെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ വൈദികൻ വെടിയേറ്റ് മരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയിലാണ് സംഭവം. പ്രീസ്റ്റ്‌സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗവും സാൻ കാർലോസ് രൂപതയിലെ സാൻ ജുവാൻ ബാറ്റിസ്റ്റ ഇടവക വികാരിയുമായ ഫാ. ജോസെ മാനുവൽ ഡെ ജീസസ് ഫെരേരയാണ് കൊല്ലപ്പെട്ടത്.

സാൻ കാർലോസ് രൂപതാധ്യക്ഷനായ മോൺ. പോളിറ്റോ റോഡ്രിഗസ് മെൻഡെസ് വൈദികൻ കൊല്ലപ്പെട്ടതായി വ്യക്തമാക്കി. കൊറോണയെ തുടർന്ന് വളരെകുറച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബർ 20 ചൊവ്വാഴ്ച ഫാ. ജോസെ ദിവ്യബലിയർപ്പിച്ചിരുന്നു. ദിവ്യബലിക്ക് ശേഷം വിശ്വാസികളോട് യാത്ര പറയുന്നതിനിടയിലാണ് ആയുധധാരികളായ കൊള്ളക്കാർ ദിവ്യബലിയിൽ പങ്കെടുത്തിരുന്ന സ്ത്രീയെ കൊള്ളയടിക്കാൻ ശ്രമിച്ചത്.

സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ഫാ. ജോസെയുടെ നെഞ്ചിൽ വെടിയേറ്റത്.
ഉടൻ തന്നെ സാൻ കാർലോസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒക്ടോബർ 21 ബുധനാഴ്ച സാൻ ജുവാൻ ബാറ്റിസ്റ്റ ഇടവക ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.