ലിയോൺ: ഫ്രാൻസിൽ നീസ് ബസിലിക്കയിലുണ്ടായ തീവ്രവാദിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറും മുമ്പേ ഭീകരവാദി നടത്തിയ വെടിവയ്പിൽ ഗ്രീക്ക് ഓർത്തഡോക്സ് വൈദികന് മാരക പരിക്ക്. തിരുക്കർമങ്ങൾക്കു ശേഷം ദേവാലയം അടയ്ക്കുകയായിരുന്ന ലിയോൺ നഗരത്തിലെ വൈദികനെയാണു ഭീകരവാദി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
അക്രമിയുടെ വെടിയേറ്റ് വീണ വൈദികൻ അത്യാസന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. കറുത്ത റെയിൻകോട്ടും കറുത്ത തൊപ്പിയും ധരിച്ചെത്തിയ ഭീരവാദി കോട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച തോക്കുകൊണ്ടു വൈദികനെ വെടിവച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ഏഴ് മണിയോടെ അക്രമിയെ അടുത്തുള്ള ഒരു കടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചതായി ലിയോൺ പബ്‌ളിക്ക് പ്രോസിക്യൂട്ടർ അറിയിച്ചു. ലിയോണിലെ പ്രാദേശിക ഗ്രീക്ക് ഓർത്തഡോക്‌സ് സമൂഹത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന ശത്രുതയുടെ ബാക്കിപത്രമാണോ അറസ്‌റ്റെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നീസ് നഗരത്തിലെ ദൈവമാതാവിന്റെ ബസിലിക്കയിൽ പ്രാർഥിക്കാനായി വന്ന മൂന്നുപേരെ ഭീകരവാദി കൊലപ്പെടുത്തിയത്. എഴുപതുകാരിയെ കഴുത്തറുത്തും മറ്റു രണ്ടുപേരെ കുത്തിയുമാണു കൊന്നത്. ഇതിനെതിരെ യൂറോപ്പിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.