അജ്ഞാതനായ അച്ഛന്റെ മകന്‍, ഒരുസമയം പല സ്ഥലത്ത്, ഇന്ന് ലോകം വണങ്ങുന്ന വിശുദ്ധന്‍

0
776

പെറുവിലെ ലിമ എന്ന കൊച്ചുപട്ടണത്തിൽ ജീവിച്ച നീഗ്രോക്കാരിയായ ഒരു അടിമസ്ത്രീ അവിഹതമായി ഗർഭം ധരിച്ചുപ്രസവിച്ച സന്താനമായിരുന്നു വി. മാർട്ടിൻ. അമ്മയുടെ പേര് അന്ന എന്നായിരുന്നു.

അജ്ഞാതനായ അച്ഛന്റെ മകൻ എന്നെഴുതിയാണ് മാർട്ടിനെ ദേവാലയത്തിൽ മാമോദീസ മുക്കിയത്. യഥാർഥത്തിൽ മാർട്ടിന്റെ പിതാവ് ജുവാൻ എന്നു പേരുള്ള സ്പെയിൻകാരനായ ഒരു പ്രഭുവായിരുന്നു. ഈ സത്യം നാട്ടുകാർക്കെല്ലാം അറിയാമായിരുന്നു. മാർട്ടിന് ഒരു സഹോദരി കൂടിയുണ്ടായിരുന്നു. അവൾ അച്ഛനെ പോലെ യൂറോപ്യൻ വർണമുള്ളവളും മാർട്ടിൻ അമ്മയെ പോലെ നീഗ്രോയുമായിരുന്നു.

പൂർണ ദാരിദ്ര്യത്തിൽ വളർന്നുവന്ന ഈ കുട്ടികൾ ആത്മീയതയിൽ സമ്പന്നരായിരുന്നു. മാർട്ടിൻ ചെറിയ പ്രായത്തിൽത്തന്നെ നിത്യവും ദേവാലയത്തിൽ പോവുകയും പ്രാർഥനകളിൽ സജീവ മായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് മക്കളെ ആ നീഗ്രോ സ്ത്രീ വളർത്തിയിരുന്നത്. അമ്മ കഠിനമായി ജോലി ചെയ്ത് മാർട്ടിനു കൊണ്ടുകൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും മാർട്ടിൻ സാധുക്കൾക്ക് ദാനം ചെയ്യുമായിരുന്നു. മകന്റെ ദാനശീലവും മഹത്വവും കേട്ടറിഞ്ഞ പിതാവ് രണ്ടു മക്കളെയും തന്റെ നാട്ടിലേക്ക് കൊണ്ടു പോയി. അവരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു.

ഈ കാലത്ത് ഒരു ഡോക്ടറുടെ സഹായിയായി മാർട്ടിൻ കുറച്ചുനാൾ നിന്നു. പതിനൊന്നാം വയസിൽ മാർട്ടിൻ തിരികെ നാട്ടിലേക്ക് പോന്നു. ലിമയിലെ ഡൊമിനിക്കൻ സഭയുടെ ആശ്രമത്തിൽ വേലക്കാരനായി ജോലി നോക്കി. പകൽ ജോലി. രാത്രിയിൽ പ്രാർഥനയും വേദപുസ്തക വായനയും. ഒൻപതു വർഷം മാർട്ടിൻ അങ്ങനെ ജീവിച്ചു. പാവപ്പെട്ടവരെ സഹായിക്കുവാൻ സദാതത്പരനായിരുന്നു മാർട്ടിൻ. സമ്പന്നരുടെ അടുത്ത് ചെന്ന് സംഭാവന സ്വീകരിച്ച് അതുകൊണ്ട് സാധുക്കളെ സഹായിക്കുമായിരുന്നു.

ആഴ്ചയിൽ 2000 ഡോളർ വരെ മാർട്ടിന് സംഭാവനയായി ലഭിക്കുമായിരുന്നു. ആ കാലത്ത് 2000 ഡോളർ എന്നത് എത്ര വലിയ തുകയാണെന്ന് ഓർത്തുനോക്കുക. മാർട്ടിന്റെ സേവനതത്പരതയും എളിമയും കണ്ടറിഞ്ഞ സഭാധികാരികൾ അദ്ദേഹത്തെ ഡൊമിനിക്കൻ സഭയിലെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാൻ അനുവദിച്ചു. കറുത്ത വർഗക്കാരെ പുരോഹിതനായി എടുക്കുവാൻ അന്ന് അധികാരികൾ തയാറായിരുന്നില്ല. പകൽ സമയം മുഴുവൻ രോഗികളെ ശുശ്രൂഷിക്കുന്നതിനായി മാർട്ടിൻ മാറ്റിവച്ചു. രോഗികൾക്ക് പുതപ്പ്, ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവയൊക്കെ കൃത്യമായി എത്തിച്ചുകൊടുക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി പേർക്ക് മാർട്ടിനിലൂടെ അദ്ഭുതകരമായ രോഗശാന്തി ലഭിച്ചു. മാർട്ടിന്റെ പ്രാർഥനയും ആശീർവാദവും കൊണ്ടുമാത്രം മാറാരോഗങ്ങൾ സുഖപ്പെട്ടു.

അടിമകൾക്കു വേണ്ടിയും തെരുവിൽ ജീവിക്കുന്ന കുട്ടികൾക്കുവേണ്ടിയും രണ്ട് സ്ഥാപനങ്ങൾ മാർട്ടിൻ സ്ഥാപിച്ചു. തെരുവിലൂടെ അലയുന്ന പൂച്ചകളെയും നായ്ക്കളെയും പോലും അദ്ദേഹം സംരക്ഷിക്കുമായിരുന്നു. ഉപവാസം, പ്രാർഥന എന്നിവയിൽ ഒരു വീഴ്ചയും മാർട്ടിൻ വരുത്തിയിരുന്നില്ല. പ്രാർഥനാ സമയത്ത് അദ്ദേഹത്തിന്റെ പാദങ്ങൾ വായുവിൽ ഉയർന്നുപൊങ്ങുമായിരുന്നു. ഒരേ സമയത്ത് തന്നെ പല സ്ഥലത്ത് പ്രത്യക്ഷപ്പെടുവാനുള്ള വരവും മാർട്ടിനുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. അറുപതാം വയസിൽ അദ്ദേഹം മരിച്ചു. വെറുമൊരു അടിമസ്ത്രീയുടെ മകനായി ജനിച്ച്, ലോകം മുഴുവൻ അറിയപ്പെടുന്നവനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നത് പെറുവിലെ വൈസ്റോയിയും പ്രഭുവും രണ്ടു മെത്രാക്കൻമാരും ചേർന്നായിരുന്നു.