തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ വാഹനാപകടക്കേസിൽ തെറ്റായമൊഴി നൽകിയ മുൻ മുൻ കെഎസ്ആർടിസി എംപാനൽ ഡ്രൈവർ അജിക്ക് ജോലി ലഭിച്ചത് തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ സ്വാധീനം വഴിയാണെന്ന് ആരോപണം
യുഎഇ കോൺസുലേറ്റ് വഴി യുഎഇയിൽ ഡ്രൈവറായി അജിക്ക് ജോലി കിട്ടിയ സംഭവത്തിലാണ് സ്വപ്‌നയുടെ പങ്ക് സംശയിക്കപ്പെടുന്നത്. ആ സമയത്ത് യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന. തിരുവനന്തപുരത്തെ യുഎഇ കോൺസുലെറ്റ് വഴി നടന്ന റിക്രൂട്ടിലാണ് അജിക്ക് യുഎഇ സർക്കാരിൽ ജോലി കിട്ടിയത് എന്നതും വ്യക്തമാണ്. അതേസമയം തനിക്ക് കൊച്ചിയിലെ റിക്രൂട്ടിങ് ഏജൻസി വഴിയാണ് ജോലി ലഭിച്ചത് എന്നാണ് അജിയുടെ പ്രതികരണം. അതേസമയം യുഎഇ സർക്കാരിലാണ് തന്റെ ജോലിയെന്ന് അജി നിഷേധിച്ചിട്ടില്ല.
വാഹനാപകടസമയത്ത് കാർ ഓടിച്ചത് ബാലഭാസ്‌ക്കർ ആണെന്ന മൊഴിയാണ് അന്ന് പ്രഥമസാക്ഷിയായി പൊലീസ് പരിഗണിച്ച അജി നൽകിയത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ തൊട്ടുപിറകിൽ താൻ ഓടിച്ച കെഎസ്ആർടിസി ബസുണ്ടായിരുന്നെന്നും അജി മൊഴിയിൽ പറഞ്ഞു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഡ്രൈവർ അർജുനാണ് കാറോടിച്ചതെന്ന് കണ്ടെത്തുകയും സാക്ഷികളുടെ പട്ടികയിൽ നിന്നും അജിയെ നീക്കം ചെയ്യുകയും ചെയ്തു. അപകടസമയത്ത് ആദ്യം രക്ഷാപ്രവർത്തനം നടത്തി എന്ന് അവകാശവാദത്തോടെയാണ് അജി കള്ളമൊഴി നൽകിയത്.