അഞ്ചുമാസം മുമ്പ് വിവാഹം, 19കാരി തൂങ്ങിമരിച്ചു

0
43

കൊല്ലം: മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കുമ്മിള്‍ വട്ടത്തമാര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്ത് വിവാഹിതയായത്.

ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചു തകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജന്നത്തിന്റെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ട് മാസം മുന്‍പാണ് റാസിഫ് വിദേശത്തേക്ക് പോയത്.