അബൂദബിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

0
1400


അബൂദബിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജനാർദ്ദനനെയും (58) ഭാര്യ മിനിജയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലി നഷ്ടപ്പെട്ടതിന്റെ മാനസിക സംഘർഷത്തിലായിരുന്ന ജനാർദനൻ ഭാര്യയ്‌ക്കൊപ്പം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം
ട്രാവൽ ഏജൻസിയിലെ അക്കൗണ്ടന്റായിരുന്ന മലാപ്പറമ്പ് പട്ടേരി വീട്ടിൽ ജനാർദ്ദനന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ളാറ്റിനും മുമ്പുള്ള മാസങ്ങളിലെ വാടക നൽകാനുണ്ടായിരുന്നു. ജനാർദനനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റായിരുന്നു.

നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കളും ഇവരെ ഫോണിൽ കിട്ടാതെ വന്നതോടെ അബുദാബി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫ്‌ളാറ്റിന്റെ വാതിൽ പോലീസ് ഇടിച്ചുതുറന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.