ഹൈദരാബാദ്: ഹൈദരാബാദുകാരൻ യു.എസിൽ കുത്തേറ്റുമരിച്ചു. ജോർജിയയിലെ തോംസൺ സിറ്റിയിൽ 10 വർഷമായി കൺവീനിയൻസ് സ്‌റ്റോർ നടത്തുന്ന മുഹമ്മദ് ആരിഫ് മുഹിയുദ്ദീൻ എന്ന മുപ്പത്തേഴുകാരനാണ് മരിച്ചത്.
നവംബർ 1 ഹാലോവീൻ രാത്രിയിലാണ് സംഭവം. ക്രൗലി സ്ട്രീറ്റിലുള്ള വീട്ടിലെ നീന്തൽ കുളത്തിലാണ് നിരവധി തവണ കുത്തേറ്റ നിലയിൽ ആരിഫിനെ കണ്ടെത്തിയത്. സംഭവത്തിൽ കടയിലെ ഒരു ജീവനക്കാരനടക്കം ഏതാനും പേർ ചേർന്ന് ആരിഫിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരും ഒരു യു.എസ് പൗരനുമാണ് ആരിഫിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
സംസ്‌കാര കർമ്മങ്ങൾക്കായി യു.എസിലേക്ക് പോകാൻ എമർജൻസി വിസ നൽകണമെന്ന് ആരിഫിന്റെ ഭാര്യ മെഹ്നാസ് ഫാത്തിമയും പിതാവും സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ട്. മൃതദേഹം ജോർജിയയിലെ ആശുപത്രിയിലാണെന്നും ബന്ധുക്കളാരും അവിടെ ഇല്ലെന്നും ഭാര്യ പറഞ്ഞു. രണ്ടരവർഷം മുമ്പാണ് ആരിഫിന്റെയുടെ മെഹ്നാസ് ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് പത്തുമാസം പ്രായമായ കുഞ്ഞുമുണ്ട്.