ഡെറാഡൂൺ: യുവാവിന്റെ നെറ്റിയിൽ ബൈക്കിന്റെ താക്കോൽ കുത്തിയിറക്കിയ മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗർ ജില്ലയിലെ രുദ്രപൂരിൽ കഴിഞ്ഞദിവസമാണ് സംഭവം.
ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവിന്റെ നെറ്റിയിൽ പൊലീസുകാർ ബൈക്കിന്റെ താക്കോൽ കുത്തിയിറക്കിയത്.
ബൈക്ക് യാത്രികനായ ദീപക്ക് എന്ന ഇരുപത് വയസുള്ള യുവാവാണ് പൊലീസുകാരുടെ ക്രൂരതയ്ക്ക് ഇരയായയത്. സുഹൃത്തിനൊപ്പം ബോക്കിൽ വരുന്നതിനിടെ ദീപക്കിനെ പൊലീസ് തടഞ്ഞു. ഹെൽമറ്റ് ധരിക്കാത്തതിനെപ്പറ്റി ചോദിച്ചു. പെട്രോൾ തീരാറായതിനാൽ പെട്രോൾ നിറയ്ക്കാൻ അടുത്തുള്ള പമ്പിൽ പോയതാണെന്ന് ദീപക് പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. തുടർന്ന് ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത പോലീസ് യുവാവിന്റെ നെറ്റിയിൽ കുത്തിയിറക്കുകയായിരുന്നു.
യുവാവിന്റ നിലവിളി കേട്ട് വന്നവരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. പൊലീസ് നടപടി ആളുകൾ ചോദ്യം ചെയ്തതോടെ സംഘർഷമുണ്ടായി. തുടർന്ന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തിയതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.