കുര്‍ബാനതര്‍ക്കം, സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം, നടന്നത് രണ്ട് തരം കുര്‍ബാന

0
55

കൊച്ചി: കുര്‍ബാനതര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം. ഒരേ സമയം രണ്ട് തരം കുര്‍ബാനയാണ് ബസലിക്കയില്‍ നടത്തിയത്. സംഘര്‍ഷമുണ്ടാകുമെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് തര്‍ക്കം ആരംഭിച്ചത്. ഒരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും, ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചു. ഏകീകൃത കുര്‍ബാന അനുകൂലികള്‍ ആള്‍ത്താരയിലേക്ക് തള്ളിക്കയറി. ബലിപീഠം തള്ളിമാറ്റി. പൊലീസ് സുരക്ഷയിലാണ് മറുവിഭാഗം കുര്‍ബാന തുടരുന്നത്.

രണ്ടു കുര്‍ബാനകളിലും ഇരുവിഭാഗങ്ങളിലെയും വിശ്വാസികള്‍ പങ്കെടുത്തിരുന്നു. ഗോബാക്ക് വിളിയും കൂക്കിവിളിയുമായി ഇരുവിഭാഗങ്ങളും പ്രതിഷേധിച്ചു. മണിക്കൂറുകളായി ഇരുവിഭാഗവും പള്ളിയില്‍ തുടരുന്നതിനിടെ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വിശ്വാസികളും വൈദികരും ഉള്‍പ്പടെയുള്ളവരെ പൊലീസ് പള്ളിക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റി.