കുർബാന പകുതിക്ക് നിർത്തിച്ചു, മൈക്ക് ഓഫാക്കാൻ ഓർഡർ, വൈദികനും സിസ്റ്റേഴ്‌സിനുമെതിരെ പോലീസ് കേസ്, കുർബാനയുടെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണന്ന് ഫാ. ലൂയി മരിയദാസ്

0
1173

നീലേശ്വരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ദിവ്യബലിയർപ്പിച്ചു എന്നാരോപിച്ച് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദൈവാലയത്തിലെ വികാരിക്കും കന്യാസ്ത്രീകൾക്കും എതിരെ പോലീസ് കേസെടുത്തതിൽ വ്യാപകപ്രതിഷേധം. നീലേശ്വരം പോലീസാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് വൈദികനും കന്യാസ്ത്രീകൾക്കും എതിരെ കേസെടുത്തത്. കഴിഞ്ഞ ജൂൺ 27 നായിരുന്നു സംഭവം.
വൈദികൻ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കെ പകുതിക്ക് വെച്ച് നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് അൾത്താരയ്ക്ക് പുറത്തേക്ക് വിളിച്ചുവരുതത്തിയ ശേഷം വൈദികനും ആരാധനയ്‌ക്കെത്തിയവർക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

കേരള പകർച്ചവ്യാധി നിരോധന നിയമപ്രകാരവും നിരോധനാജ്ഞ ലംഘനവും ആരോപിച്ചാണ് വൈദികനും ആരാധനയിൽ പങ്കെടുത്ത പത്തുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. ആരാധന ഓൺലൈനായി വിശ്വാസികൾ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് നടപടികൾ സ്വീകരിച്ചതും ദിവ്യബലിയർപ്പണം മുടക്കിയതും.പതിനൊന്ന് പേർ മാത്രമാണ് പള്ളിയിൽ ദിവ്യബലിയിൽ പങ്കെടുത്തിരുന്നത്. സാമൂഹ്യഅകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തത്.

കാസർകോടെ പ്രശസ്തമായ തീർഥാടനകേന്ദ്രമാണ് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദേവാലയം. ജൂലായ് 19 മുതൽ 28 വരെ പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാളാണ്. കോവിഡ് ആയതിനാൽ ഇത്തവണ ആയിരങ്ങളാണ് ദിവ്യബലി ഓൺലൈനിൽ വീക്ഷിച്ചത്. ഫാ.ലൂയിസ് മരിയദാസ് പറയുന്നു.

പതിവുപോലെയാണ് ദിവ്യബലിയർപ്പിക്കാൻ കയറിയത്. പതിനൊന്നു പേർ മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. കോവിഡ് ആയതിനാൽ ആളുകൾ വരരുത് എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നു. കണ്ണടച്ച് നിന്ന എന്നെ ശുശ്രൂഷി തൊട്ടപ്പോൾ പള്ളിയുടെ വാതിൽക്കൽ പൊലീസ് നിൽക്കുന്നതാണ് ഞാൻ കണ്ടത്.

കർമ്മങ്ങൾ നിർത്തണമെന്നും മൈക്ക് ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അവർ പറഞ്ഞപ്രകാരം കുർബാന നിർത്തി. തുടർന്ന് ഞങ്ങളെക്കൊണ്ട് ഫോമിൽ ഒപ്പിടുവിച്ചു. കേസ് എടുക്കില്ല എന്ന് പറഞ്ഞതിനാൽ ഞങ്ങൾ ഫോമിൽ ഒപ്പിട്ടു. ഒരു മണിക്കൂറിന് ശേഷം കുർബാനയുടെ പേരിൽ ഞങ്ങൾക്കെതിരെ കേസ് എടുത്തതായുള്ള വാർത്ത വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വന്നു. സാമൂഹിക അകലം പാലിച്ചും സാനിറ്റെയ്സർ ഉപയോഗിച്ചുമാണ് ആരാധന നടത്തിയത്.

കോവിഡ് പരത്തുന്നവർക്ക് ഞങ്ങൾ നേതൃത്വം നൽകി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വ്യാജ പ്രചാരണം വേദനാജനകമാണ്. സർക്കാർ നടപടികളോട് പൂർണ്ണമായും സഹകരിക്കുന്നവരാണ് ഞങ്ങൾ. കുർബാനയുടെ പേരിൽ ജയിലിൽ പോകാൻ വരെ ഞങ്ങൾ തയ്യാറാണ്. പക്ഷെ കന്യാസ്ത്രീകളുടെ പേരിൽ കേസ് എടുക്കുന്നത് വിഷമകരമാണ്. കേസ് എടുക്കുന്നില്ലെന്ന് പറഞ്ഞശേഷം കേസ് എടുക്കുകയാണ ചെയ്തത്. നൂറു പേരെ പങ്കെടുപ്പിച്ച് കുർബാന അർപ്പിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ ഞങ്ങൾ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് കുർബാന അർപ്പിച്ചത്. തിരുവസ്ത്രം ഇട്ടുകൊണ്ട് പള്ളിയിൽ നിന്നിറങ്ങി വിചാരണ നേരിടുന്നതും ദു:ഖകരമാണ്. ഫാ, ലൂയി മരിയാദാസ് പറഞ്ഞു.

അതേസമയം, കലക്ടർ ഹോസ്ദുർഗ് താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞപ്രകാരമാണ് കേസ് ചാർജ് ചെയ്തത് എന്നാണ് നീലേശ്വരം എസ്ഐ സതീഷ് പറഞ്ഞു. നിരോധനാജ്ഞ സമയത്ത് ആളുകൾ കൂടുന്നതിന് വിലക്കുണ്ട്. അതാണ് കേസ് ചാർജ് ചെയ്തത്. പള്ളിക്ക് പുറത്താണ് വൈദികനും വിശ്വാസികളും നിന്നിരുന്നത്. പകർച്ചവ്യാധി നിരോധന നിയമലംഘനം പള്ളിയിൽ നടന്നിട്ടുണ്ട്. അതാണ് കേസ് എടുക്കാൻ കാരണം. എസ്.ഐ പറഞ്ഞു.