നാല് വയസുകാരി പിറന്നാള്‍ ദിനം സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍

0
76

നാല് വയസുകാരിയായ മലയാളി പെണ്‍കുട്ടി പിറന്നാള്‍ ദിനം സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍. ഖത്തറില്‍ ഞായറാഴ്ചയാണ് സംഭവം. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകളും ദോഹ അല്‍ വക്‌റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയുമായിരുന്ന മിന്‍സ മറിയം ജേക്കബ് ആണ് മരിച്ചത്. സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയിരുന്നു. കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങുന്നത് അറിയാതെ ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്യുകയും ചെയ്തു. മിന്‍സയുടെ നാലാം പിറന്നാള്‍ ദിനമായിരുന്നു ഞായറാഴ്ച.

തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ബസിനകത്ത് കുട്ടി ഉള്ളത് ആരുടെയും ശ്രദ്ധില്‍പെട്ടില്ല. മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ ബസ് ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ. മാതാവ് സൗമ്യ ഏറ്റുമാനൂര്‍ കുറ്റിക്കല്‍ കുടുംബാംഗമാണ്. മിഖയാണ് സഹോദരി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.