ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തത് 13 തവണ, കേസില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍

0
2182

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.
2014 മുതല്‍ 2016വരെ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ ഫ്രാങ്കോ കഴിയുന്നത്.

വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയില്‍ ഫ്രാങ്കോയ്‌ക്കെതിരെ തടസ്സഹര്‍ജി ഫയല്‍ ചെയ്തു.
മുമ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ഫ്രാങ്കോയോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിചാരണയ്ക്ക് ഹാജരാകാനാകില്ലെന്ന് അഭിഭാഷകന്‍ വഴി ഫ്രാങ്കോ കോടതിയെ അറിയിച്ചു.
ബലാത്സംഗം കൂടാതെ അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരമുപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.