ഭര്‍ത്താവിനെ കൊന്ന ശേഷം മൃതദേഹത്തിനൊപ്പം ഉറങ്ങി, ഭാര്യ അറസ്റ്റില്‍

0
41

ഉത്തര്‍പ്രദേശ്: ഭര്‍ത്താവിനെ തലക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം ഒരു രാത്രി ഉറങ്ങിയ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയ സ്വദേശി അതുല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവിനെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അമിത മദ്യപാനം മൂലമാണ് അതുല്‍ മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഭാര്യയാണ് കൊലപാതകിയെന്ന് കണ്ടെത്തിയത്. താനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് ഉറങ്ങുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയില്‍ കിടത്തി. തുടര്‍ന്ന് മൃതശരീരത്തിനൊപ്പം ഒരു രാത്രി ഉറങ്ങി. അച്ഛന്‍ ഉറങ്ങുകയാണെന്ന് കുട്ടികളോട് പറഞ്ഞു. അതിരാവിലെ മൃതദേഹം വീടിന് പുറത്ത് വലിച്ചു കൊണ്ടുപോയി ഇട്ടു. മൃതദേഹം അവിടെ കിടക്കുന്നതായി രാവിലെ അയല്‍ക്കാരെ അറിയിച്ചു. അതുല്‍ മിക്കപ്പോഴും മദ്യപിച്ചെത്തി തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ശമ്പളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിന് മൊഴി നല്‍കി.