ഫ്‌ളോറിഡ: ഭർത്താവ് ഫിലിപ്പ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ മൃതദേഹം ഓഗസ്റ്റ് അഞ്ചിന് 11 മണിക്ക് (ഇന്ത്യൻ സമയം രാത്രി എട്ടേ മുപ്പതിന്) താമ്പയിലെ സേക്രട്ട് ഹാർട്ട് ക്‌നാനായ പള്ളിയിൽ നടക്കും.
മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നെങ്കിലും എംബാം ചെയ്യാനാകാത്തതിനാൽ അമേരിക്കയിൽ തന്നെ സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മെറിന്റെ ഭൗതികദേഹം ഇന്നലെ മിയാമിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെച്ചിരുന്നു. കോവിഡിന്റെ നിയന്ത്രണങ്ങൾക്കിടയിലും ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് മെറിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. കണ്ണീരോടെയാണ് പലരും മെറിന് യാത്രാമൊഴി നൽകിയത്. ഫാ.ബിൻസ് ചേത്തലിൽ പ്രാർഥനകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
മെറിന്റെ നാട്ടിലുള്ള മാതാപിതാക്കൾക്കും മകൾ രണ്ടുവയസുകാരി നോറയ്ക്കും കാണാൻ പൊതുദർശനം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
അമ്മയുടെ മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ മകൾ നോറ മോനിപ്പള്ളിയിലെ വീട്ടിലിരുന്നു കണ്ടു. മെറിന്റെ പിതാവ് ജോയി,അമ്മ മേഴ്സി എന്നിവർക്കൊപ്പം മടിയിലിരുന്നാണ് നോറ അമ്മയ്ക്ക് യാത്രാമൊഴി നൽകിയത്. അതേസമയം, അവസാനമായി നേരിട്ട് മകളെ ഒരു നോക്ക് കാണാനാകാത്തതിന്റെ വിഷമത്തിലാണ് മെറിന്റെ മാതാപിതാക്കളും സഹോദരിയും. മകളുടെ മരണവാർത്ത അറിഞ്ഞതുമുതൽ കണ്ണീർ തോരാത്ത വീട്ടിൽ മകളെ അവസാനമായി കാണാകില്ലെന്ന് അറിഞ്ഞപ്പോൾ സങ്കടം ഉച്ചസ്ഥായിലെത്തി. അമ്മയുടെ വീഡിയോ കോളിനായി എല്ലാദിവസവും കാത്തിരിക്കുന്ന നോറയെ ഇനി എന്ത് പറഞ്ഞ് ആശ്വാസിപ്പിക്കുമെന്ന വിഷമത്തിലാണ് ബന്ധുക്കൾ.
അതേസമയം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ ഫിലിപ്പ് കാർ കയറ്റിയിറക്കുകയും ചെയ്തു.
ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ ഫിലിപ്പ് കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.