കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍. കൊല്ലം ചാത്തന്നൂരിലെ ആദിച്ചനല്ലൂര്‍ കൈതക്കുഴി പൊയ്കവിളയില്‍ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക മകള്‍ അപര്‍ണ്ണ (15) ആണ് മരിച്ചത് .
ചാത്തന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അപര്‍ണ്ണ, കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചുവരികയായിരുന്നു. ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. കടയ്ക്കല്‍ മണികണ്ഠന്‍ ചിറ സ്വദേശികളായ കുടുംബം കഴിഞ്ഞ 16 വര്‍ഷമായി കൈതകുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയാണ്. അതിരാവിലെ ടാപ്പിംഗിന് പോയ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുകയും മകള്‍ക്കൊപ്പം കട്ടന്‍ ചായ കുടിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം ഏഴുമണിയോടെയാണ് റബര്‍ പാലെടുക്കാന്‍ അവര്‍ തിരിച്ചുപോയത്. നേരം പുലര്‍ന്നിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ വീട്ടമ്മ തിരക്കിയെത്തിയപ്പോള്‍ കതക് തുറന്നു കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അപര്‍ണ്ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.