കൊല്ലം: ലോകകപ്പില്‍ അര്‍ജന്റീന ജയിച്ചതിന്റെ ആഘോഷത്തിനിടെ പതിനേഴുകാരന് കുഴഞ്ഞ് വീണു മരിച്ചു. കോട്ടക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. അക്ഷയിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതിനിടെ ലോകകപ്പില്‍ നിന്നും ബ്രസീല്‍ തോറ്റ മത്സരം കണ്ട് സ്ട്രോക്ക് വന്ന ബ്രസീല്‍ ആരാധകനായ ഫുട്ബോള്‍ താരം ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരക്കല്‍ കെപി അക്ഷയ് ആണ് ചികിത്സയില്‍ കഴിയുന്നത്. ക്വാട്ടര്‍ ഫൈനലില്‍ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു സംഭവം. പാറയ്ക്കാമുകളിലെ ബിഗ് സ്ക്രീനില്‍ മത്സരം കാണുമ്പോഴാണ് അക്ഷയ് കുഴഞ്ഞുവീണത്. കളി തോറ്റതിന്റെ നിരാശയില്‍ നിലത്തുകിടക്കുകയാണെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ രാവിലെയായിട്ടും അക്ഷയ് എഴുന്നേല്‍ക്കാതെ വന്നതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമിത രക്തസമ്മര്‍ദ്ദം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണെന്ന് ഗുരുതരാവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍ കണ്ടെത്തി.