കൊല്ലം: റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. യുവതിയെ ബീച്ചില്‍ വെച്ച് പരിചയപ്പെട്ട
24 വയസ്സുകാരനെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 29ന് ബീച്ചില്‍ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതോടെ ഇയാള്‍ യുവതിയെ ഉപേക്ഷിച്ച് മുങ്ങി.
ഡിസംബര്‍ 29 മുതലാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്. യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ യുവതിയുടെ ഫോണ്‍ കണ്ടത് സംശയം വര്‍ധിപ്പിച്ചു.
എന്നാല്‍ ചോദ്യം ചെയ്യലില്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പൊലീസിനെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.
രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയതോടെ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലീസിനു മൊഴി നല്‍കിയത്.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതിയെത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.