ന്യൂഡല്‍ഹി: വിവാഹമോചനത്തിന് സമ്മതിക്കണമെങ്കില്‍ ഒരു കോടി നല്‍കണമെന്നാവശ്യപ്പെട്ട ഭാര്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ 71 കാരനായ ഭര്‍ത്താവും 4 സഹായികളും അറസ്റ്റില്‍. എസ് കെ ഗുപ്ത (71), മകന്‍ അമിത് (45), കരാര്‍ കൊലയാളികളായ വിപിന്‍ സേത്തി (45), ഹിമാന്‍ഷു (20) എന്നിവരാണ് അറസ്റ്റിലായത്. എസ് കെ ഗുപ്തയുടെ രണ്ടാം ഭാര്യയായ 35 കാരിയെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
യുവതിയുടെ ശരീരത്തില്‍ ഒന്നിലധികം കുത്തുകളാണ്ടായതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു എസ് കെ ഗുപ്ത യുവതിയെ വിവാഹം കഴിച്ചത്. ശാരീരിക വൈകല്യമുള്ള മകന്‍ അമിതിനെ പരിപാലിക്കുമെന്ന് കരുതിയാണ് ഗുപ്ത രണ്ടാമത് വിവാഹം കഴിച്ചത്. ഇത് നടക്കാത്തതിനെ തുടര്‍ന്ന് ഗുപ്ത വിവാഹമോചനത്തിന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിവാഹ മോചനം നല്‍കണമെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ യുവതി ആവശ്യപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്ത് വിലക്കൊടുത്തും യുവതിയെ ഒഴിവാക്കാനായിരുന്നു ഗുപ്തയുടെ തീരുമാനം. എന്നാല്‍ യുവതിയുടെ ആവശ്യത്തിന് വഴങ്ങാന്‍ ഗുപ്ത തയ്യാറല്ലായിരുന്നില്ല. വയോധികനും മകനും പ്രതിയായ വിപിനുമായി യുവതിയെ കൊലപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തി. ഇതിനായി10 ലക്ഷം രൂപ വാഗ്ദാനവും ചെയ്തു. 2.40 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. ഗൂഢാലോചന പ്രകാരം പ്രതിയായ വിപിനും കൂട്ടാളി ഹിമാന്‍ഷുവും ഗുപ്തയുടെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടയില്‍ പ്രതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ അമിത് വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വീട് കൊള്ളയടിക്കുകയും യുവതിയുടേയും അമിതിന്റേയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു.