കാര്‍ അപകടം, യുവതിയുടെ മൃതദേഹം കാര്‍ വലിച്ചിഴച്ചത് 20 കിലോമീറ്റര്‍

0
96

ന്യൂഡല്‍ഹി: ഇടിച്ചുകൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹവുമായി കാര്‍ സഞ്ചരിച്ചത് 20 കിലോമീറ്റര്‍. ഡല്‍ഹിയിലാണ് സംഭവം. സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം യുവാക്കള്‍ പെണ്‍കുട്ടിയെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. ഒന്നര മണിക്കൂറോളമാണ് പെണ്‍കുട്ടിയെയും വലിച്ചിഴച്ചുകൊണ്ടുപോയതെന്നും അദേഹം പറയുന്നു.

അതിരാവിലെ 3.20 നായിരുന്നു അപകടം. സ്‌കൂട്ടറില്‍ പോയ 20 കാരിയ്ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
വലിയൊരു ശബ്ദം കേട്ടാണ് നോക്കിയത്. എന്നാല്‍ കണ്ടത് നടുക്കുന്ന കാഴ്ചയാണ്. വാഹനത്തില്‍ കുരുങ്ങിയ പെണ്‍കുട്ടിയുമായി ഒരു കാര്‍ കുതിച്ചു പായുന്നു. സംഭവം കണ്ടയുടന്‍ തന്നെ പൊലീസിനെ അറിയിച്ചു.’അപകടം നടന്ന കഞ്ജ് വാലയില്‍ ബേക്കറി ഷോപ്പ് നടത്തുന്ന ദീപക് ദഹിയ പറഞ്ഞു.

കാര്‍ തിരികെ എത്തിയപ്പോള്‍ കാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നു. പ്രതികള്‍ 4-5 കിലോമീറ്റര്‍ റോഡില്‍ യുടേണ്‍ എടുത്ത് ആവര്‍ത്തിച്ച് വാഹനമോടിച്ചിരുന്നതായും ദൃക്സാക്ഷിപറയുന്നു. വാഹനം തടഞ്ഞു നിര്‍ത്താന്‍ താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബൈക്കില്‍ വാഹനത്തിന് പിന്നാലെ പോയെങ്കിലും ഒന്നര മണിക്കൂറിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ജ്യോതി ഗ്രാമത്തിന് സമീപം താനേ കാറില്‍ നിന്നും താഴെ പതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ വാഹനവുമായി സ്ഥലത്തു നിന്നും കടന്നുകളഞ്ഞതായും ഇത് വെറുമൊരു വാഹനാപകടമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നതിനാലും, ഉച്ചത്തില്‍ പാട്ടു വെച്ചതിനാലും ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കാറും, കാറിലുണ്ടായിരുന്ന അഞ്ചു യുവാക്കളെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം യുവതിയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ജ്വാലയിലാണ് യുവതിയുടെ മൃതദേഹം നഗ്നമായി നിലയിലാണ് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കള്‍ അഞ്ച് പേരും മദ്യപിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്