ഹൗറ (ബംഗാള്‍): സിനിമാതാരം വെടിയേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് നടി റിയ കുമാറിനെയാണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ബംഗാളിലെ ഹൗറിയിലാണ് സംഭവം. മോഷണശ്രമം ചെറുക്കന്നതിനിടെയാണ് നടിക്ക് വെടിയേറ്റത്.
കൊല്‍ക്കത്തയിലേക്കു കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം. റിയ കുമാരി, ഭര്‍ത്താവും നിര്‍മാതാവുമായ പ്രകാശ് കുമാര്‍, രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
വിശ്രമിക്കാനായി മാഹിശ്രേഖ എന്ന പ്രദേശത്തു കാര്‍ നിര്‍ത്തി ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് മൂന്നംഗ അക്രമി സംഘം കവര്‍ച്ചക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രകാശ് കുമാറിനെ ആക്രമിക്കുന്നത് കണ്ട റിയ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. റിയയ്ക്കു വെടിയേറ്റതോടെ സംഘം മുങ്ങി. സഹായം തേടി പരിക്കേറ്റിട്ടും പ്രകാശ് മൂന്ന് കിലോമീറ്റര്‍ വാഹനമോടിച്ചു. ഒടുവില്‍ പ്രദേശവാസികള്‍ എത്തി എസ്സിസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിയയെ എത്തിക്കാന്‍ സഹായിച്ചു.
എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ റിയ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുകയാണെന്നും റിയയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. കാര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് വിശദീകരിച്ചു.