തിരുച്ചിറപ്പള്ളി (തമിഴ്നാട്): തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കുഞ്ഞിന് ജന്മം നല്‍കിയതിന് അവിവാഹിതയായ മകളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പിതാവും ബന്ധുവായ സ്ത്രീയും അറസ്റ്റില്‍.യുവതിയുടെ മരണമൊഴി പ്രകാരമാണ് പിതാവിനും ബന്ധുവിനുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിനാണ് തിരുച്ചിറപ്പള്ളി രാമാവതലായി കനാലിന്റെ തീരത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കവെയാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു കുടുംബം പൊലീസിന് നല്‍കിയ വിവരം.
എന്നാല്‍ യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസ് മരണമൊഴി രേഖപ്പെടുത്തി. ഇതിനിടെയാണ് യുവതി താന്‍ പ്രസവിച്ച കുഞ്ഞിനെ പിതാവ് നാണക്കേട് കാരണം കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നു എന്ന് മൊഴി നല്‍കിയത്.
കുട്ടിയെപ്പറ്റിയുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതറിഞ്ഞ പിതാവ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പിതാവും ബന്ധുവും ചേര്‍ന്ന് യുവതിക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.