വത്തിക്കാന്‍ സിറ്റി: ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ ഭൗതിക ശരീരം ഇന്നു പൊതുദര്‍ശനത്തിനായി സെന്റ് പീറ്റേഴ്സ് ബസലിക്കയിലെത്തിക്കും. വ്യാഴാഴ്ചയാണു സംസ്കാരം.
ഇന്നുമുതല്‍ 3 ദിവസത്തേക്കാണ് പൊതുദര്‍ശനം ഒരുക്കീയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയാകും സംസ്കാരച്ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുക. ലളിതമായ ചടങ്ങുകളാകും നടക്കുകയെന്നു വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമാണു മുന്‍ മാര്‍പാപ്പയുടെ സംസ്കാരത്തിന് ഇപ്പോഴത്തെ മാര്‍പാപ്പ നേതൃത്വം നല്‍കുന്നത്. ചടങ്ങുകള്‍ക്കൊടുവില്‍ ഭൗതികാവശിഷ്ടം സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണു സംസ്കരിക്കുക.
വത്തിക്കാനില്‍ മാറ്റേര്‍ എക്ലേസ്യ മഠത്തിലെ ചാപ്പലിലാണു നിലവില്‍ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ളത്. ആചാരപരമായ വേഷവിധാനത്തോടെയുള്ള ഭൗതിക ശരീരത്തിന്റെ ചിത്രം ഇന്നലെ വത്തിക്കാന്‍ പുറത്തുവിട്ടു. ഇവിടെ പ്രാര്‍ഥനകള്‍ തുടരുകയാണ്. ബെനഡിക്റ്റ് പതിനാറാമനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നവരും ഒപ്പം പ്രവര്‍ത്തിച്ചവരും അദ്ദേഹത്തിന്റെ വസതിയിലെ ജീവനക്കാരുമടക്കം ഏതാനും പേര്‍ക്ക് ഇന്നലെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരം നല്കി.
അതേസമയം, പുതുവത്സരത്തോടനുബന്ധിച്ചുള്ള കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെനഡിക്റ്റ് പതിനാറാമനെ അനുസ്മരിച്ചു. സമാധാനത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ച പാപ്പായിയിരുന്നു അദ്ദേഹമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.