ജെറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേക്ക്. ഇന്ന് രാവിലെ പതിനൊന്നിനാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ ഇസ്രായേലി പാര്‍ലിമെന്റില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട പ്രമേയം നല്‍കിയത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സര്‍ക്കാരായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റേത്. അതുകൊണ്ട് തന്നെ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ തിരിച്ചെത്തുന്നതില്‍ പാലസ്തീന് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശ നയം നെതാന്യാഹു അധികാരത്തിലേക്ക് തിരിച്ചുവരുന്നതോടെ സ്ഥാപിക്കപ്പെടുമെന്നും പാലസ്തീന് ഭയമുണ്ട്. മുമ്പ് നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി അധിനിവേശം വിപുലപ്പെടുത്താനുള്ള നയത്തിന് മുന്‍ഗണന നല്കാന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ഇസ്രയേലിന്റെ സഖ്യരാജ്യമായ യുഎസും പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് അധിനിവേശം വിപുലപ്പെടുത്താനുള്ള ഇസ്രായേല്‍ നീക്കങ്ങളില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു. അതേസമയം അഴിമതി കേസുകളില്‍ വിചാരണനേരിടുന്ന നെതന്യാഹുവിന് തീവ്ര വലതുപക്ഷ നിലപാടുകള്‍ പ്രതിരോധം തീര്‍ക്കുമെന്ന് കണക്കാക്കുന്നത്.
തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇക്കുറി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. നവംബര്‍ 1ന് നടന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടിയും സഖ്യകക്ഷികളും ജയിച്ചിരുന്നു. തീവ്ര വലതു പക്ഷ പാര്‍ട്ടികളായ ജ്യൂവിഷ് പവര്‍ പാര്‍ട്ടി, ഇത്മാര്‍ ഗ്വിര്‍ എന്നിവയുമായാണ് നെതന്യാഹുവിന്റെ സഖ്യത്തിലെത്തിയത്. ഇസ്രയേലില്‍ ആദ്യമായാണ് അതി തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തുന്നത്.
1996 മുതല്‍ 1999 വരെയും 2009 മുതല്‍ 2021വരെയുംപ്രീമിയര്‍ പദവയിലിരുന്ന നെതന്യാഹു, 2021ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് രാജിവെയ്ക്കുകയായിരുന്നു. പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടായിരുന്നു നെതന്യാഹുവിന്റെ പടിയിറക്കം.